ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങൾ പ്രവാസികളെ നെടുമ്പാശേരിയിൽ എത്തിക്കും
തുറമുഖത്തു 3 കപ്പലുകളും എത്തും. സമാനതകളില്ലാത്ത മുന്നൊരുക്കമാണ് വിമാനത്താവളത്തിലും തുറമുഖത്തും
കൊച്ചി: പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങളാണ് പ്രവാസികളുമായി നെടുമ്പാശേരിയിൽ എത്തുക.തുറമുഖത്തു 3 കപ്പലുകളും എത്തും. സമാനതകളില്ലാത്ത മുന്നൊരുക്കമാണ് വിമാനത്താവളത്തിലും തുറമുഖത്തും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശോധനയക്കായി പ്രത്യേക തെർമൽ സ്കാനർ നെടുമ്പാശേരി വിമാനതാവളത്തിൽ സ്ഥാപിച്ചു. വിമാനമിറങ്ങിയാൽ യാത്രക്കാരെ ടെർമിനലിനകത്ത് പ്രത്യേക ഭാഗത്ത് സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരുത്തുക.
പ്രത്യേക പ്ലാസ്റ്റിക്ക് കസേരകളിൽ പ്രത്യേക തരം തുണികളും ഇതിനായി പൊതിയും. ഈ പരിസരം ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ 2150 പേരെയാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും 200 യാത്രക്കാർ വീതമായാണ് ആദ്യ ദിനമെത്തുക. വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.
തുറമുഖത്തും ആവശ്യമായ മുൻ കരുതലോടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയട്ടുണ്ട്. മാലിദ്വീപിൽ നിന്ന് രണ്ടും ദുബായിൽ നിന്ന് ഒരു കപ്പലും കൊച്ചിയിൽ എത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികള്‍ 4.42 ലക്ഷം. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളത് 1.69 ലക്ഷം പേര്‍. കേന്ദ്രം ഇതുവരെ തിരിച്ചുകൊണ്ടുവരുന്നവരുടെ കൃത്യമായ കണക്ക് വ്യക്തമാക്കിയിട്ടില്ല. ക്വാറന്റീന്‍ സൗകര്യങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ചതൊഴിച്ചാല്‍ ഔപചാരികമായ ഒരു ആശയവിനിമയവും കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തിയിട്ടുമില്ല. അതുകൊണ്ടു തന്നെ സ്വീകരിക്കേണ്ടവരുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനം ഇരുട്ടിലാണ്. അതുപോലെ തന്നെയാണ് പരിശോധനയുടെ കാര്യവും.
തിരിച്ചുവരുന്നവര്‍ കോവിഡ് രോഗികളല്ലെന്ന് ഉറപ്പുവരുത്താന്‍ എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന കാര്യവും അവ്യക്തം. ഇതോടെയാണ് വരുന്ന എല്ലാവരെയും സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്താന്‍ കേരളം ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ വരുന്നവരെ താമസിപ്പിക്കാന്‍ കൂടുതല്‍ ബൃഹത്തായ സംവിധാനം കാണേണ്ടിവരും. ഇനി മടങ്ങിയെത്തുന്നവരുടെ എണ്ണം കുറവാണെങ്കില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുള്ള സൗകര്യം മതിയാവുകയും ചെയ്യും.
എല്ലാ ജില്ലകളിലുമായി രണ്ടര ലക്ഷം കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. 1.63 ലക്ഷം ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യവും. ബാക്കിയുള്ളവയും ഉടന്‍ സജ്ജമാവും. നാല് വിമാനത്താവളങ്ങളിലും കൊച്ചി തുറമുഖത്തും സ്ക്രീനിങ്ങിന് സൗകര്യംമുണ്ട്. ഏഴ് ദിവസത്തെ ക്വാറന്റീന്‍ കഴിയും മുന്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തും. 45000 പി.സി.ആര്‍ കിറ്റുകള്‍ നിലവില്‍ ലഭ്യമാണ്.