പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും പ്രമേയം
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
കൊൽക്കൊത്ത : കേരളത്തിനും പഞ്ചാബിനും പിറകെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കും . പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.മാത്രമല്ല പ്രതിപക്ഷം ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കണമെന്നും മമത ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വരുന്ന ജനുവരി 24നാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കുന്നത്. മഹാരാഷ്ട്ര മഹാ വികാസ് അഖഡി സര്‍ക്കാരും പൗരത്വ നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ്. രാജസ്ഥാനും മഹാരാഷ്ട്രക്കും പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും പ്രമേയം അവതരിപ്പിക്കാനുള്ള ആലോചനകളിലാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.