ഉക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പ്രതിസന്ധിയില്‍,ബസ് പോകുന്ന പാതയിൽ സ്‌ഫോടനം
സുമിയിൽനിന്ന് ബസിൽ വിദ്യാർത്ഥികളുമായി തിരിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. ഇതോടെ യാത്ര സുരക്ഷിതമല്ലെന്ന് മനസിലാക്കി വിദ്യാർത്ഥികളെ ബസിൽനിന്ന് തിരിച്ചിറക്കി. സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാൻ ഇവർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കീവ് | യുക്രൈനിൽനിന്നുള്ള അവസാന ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നീളുന്നു. സുമിയിൽനിന്നുള്ള രക്ഷാദൗത്യം തടസപ്പെട്ടു. വിദ്യാർത്ഥികളുമായി ബസ് തിരിക്കുന്ന പാതയിൽ സ്‌ഫോടനമുണ്ടായതിനെ തുടർന്നാണ് രക്ഷാദൗത്യം തൽക്കാലത്തേക്ക് നിർത്തിവച്ചത്. റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകള്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എംബസിയില്‍ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡന്റ് ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.പെണ്‍കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പുറത്ത് എത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെണ്‍കുട്ടികളെല്ലാം ബസുകളില്‍ എത്തിയെങ്കിലും ഈ ബസുകള്‍ ഹോളണ്ട് അതിര്‍ത്തിയിലേക്ക് എത്തേണ്ട പാതയില്‍ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് രക്ഷാദൗത്യം ഉപേക്ഷിച്ചത്. അടിയന്തര രക്ഷാദൗത്യങ്ങൾക്കു വേണ്ടി യുക്രൈനിലെ വിവിധ നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലേക്കും ബെലറൂസിലേക്കും മാത്രമാണ് സുരക്ഷാ ഇടനാഴി നിശ്ചയിച്ചിട്ടുള്ളത്.
സുമിയിലെ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായം തേടി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ, യുക്രൈൻ നേതാക്കളെ വിളിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയും സഹായവും പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്. പുടിനുമായി അഞ്ചു മിനിറ്റ് നേരമാണ് മോദി സംസാരിച്ചത്. സെലൻസ്‌കിയുമായുള്ള സംസാരം 35 മിനിറ്റും നീണ്ടു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായം നൽകിയതിൽ ഇരുവർക്കും പ്രധാനമന്ത്രി നന്ദിപറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നേതാക്കൾ വിലയിരുത്തുകയും ചെയ്തു.
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് യുക്രൈനിലെ സുമിയിലുള്ള വിദ്യാർഥികളെ ഒഴിപ്പിക്കാൻ വഴിയൊരുങ്ങിയത്. പോൾട്ടാവ വഴി വിദ്യാർഥികളെ പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കുമെന്നാണ് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചത്..ഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതൽ ഏറെ ദുരിതമനുഭവിച്ചത് സുമിയിലുള്ള വിദ്യാർഥികളായിരുന്നു. മറ്റ് നഗരങ്ങളിലെ വിദ്യാർഥികൾ അതിർത്തിയിലേക്ക് കടന്നപ്പോഴും അതിനും കഴിയാതെ സുമിയിലെ വിദ്യാർഥികൾ കുടുങ്ങി. 700ഓളം വിദ്യാർഥികളാണ് റഷ്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന മേഖലയിൽ കുടുങ്ങിയിരിക്കുന്നത്. ഇതിൽ ഏറെയും മലയാളികളാണ്. അതിർത്തിയിലേക്ക് പോകാൻ വാഹനങ്ങളില്ലാത്തതും ആക്രമണം രൂക്ഷമായതുമാണ് വിദ്യാർഥികളെ ദുരിതത്തിലാക്കിയത്. റോഡുകളും റെയിൽവേ ട്രാക്കുകളും ബോംബാക്രമണത്തിൽ തകർന്നിരിക്കുകയാണ്.
12 ദിവസങ്ങളായി ബങ്കറിലും ഹോസ്റ്റലുകളിലും കുടുങ്ങിയത് നിരവധി വിദ്യാർഥികളാണ്. വൈദ്യതികൂടി വിച്ഛേദിക്കപ്പെട്ടതോടെ അത്യാവശ്യകാര്യങ്ങൾക്ക് പോലും വെള്ളമില്ലെന്ന് വിദ്യാർഥികൾ അറിയിച്ചിരുന്നു. മഞ്ഞ് ഉരുക്കിയാണ് വിദ്യാർഥികൾ വെള്ളമെടുത്തിരുന്നത്. കടകളും മറ്റും തുറക്കാത്തതിനാൽ ഭക്ഷണം പോലുമില്ലാതെ വിദ്യാർഥികൾ കഷ്ടപ്പെടുകയാണ്.
ഇനിയും രക്ഷപ്പെടുത്തിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സുമിയിൽനിന്ന് പുറത്തിറങ്ങുമെന്ന് വിദ്യാർഥികൾ അറിയിച്ചു. ദുരിതം ഇനിയും സഹിക്കാനാവില്ലെന്നും സ്വന്തം നിലയിൽ പുറത്തേക്കിറങ്ങുമെന്നും വിദ്യാർഥികൾ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. എന്നാൽ കുറച്ചുകൂടി കാത്തിരിക്കാനാണ് ഇന്ത്യൻ എംബസി വിദ്യാർഥികളോട് പറഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ നാളുകൾ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ് എംബസിയുടെ ഭാഗത്തുനിന്ന് ആശ്വാസവാർത്ത വിദ്യാർഥികളെ തേടിയെത്തിയിരിക്കുന്നത്.
അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് ഏഴ് വിമാനങ്ങളിലായി 1,500 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കും. ഇതുവരെ 76 വിമാനങ്ങളിലായി യുക്രൈനിൽനിന്നുള്ള 15,920 വിദ്യാർഥികളെയാണ് നാട്ടിലെത്തിച്ചത്. ഇതിൽ 2,260 പേർ മലയാളികളാണ്.