ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം ഉഉർജ്ജിതം കാണാതായ കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി,മരണം 14ആയി കൂട്ടിക്കലിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു
കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച ആദ്യം കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം
തിരുവനന്തപുരം: ഉരുൾ പൊട്ടൽ ഉണ്ടായ കൂട്ടിക്കലില്‍ , കൊക്കയാർ,എന്നിവിടങ്ങളിൽകാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് ഇതിനിടെ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവിചാരിതമായി മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു. കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രണ്ടു മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച ആദ്യം കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഒരു കുഞ്ഞിന്റേത് ഉൾപ്പടെ വിവിധയിടങ്ങളില്‍ നിന്നായി അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതില്‍ പലരുടേയും ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വലിയ പാറകളും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
കോട്ടയം കൂട്ടിക്കലില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. കൊക്കയാറില്‍ കാണാതായ എട്ട് പേരില്‍ അഞ്ചു പേരും കുട്ടികളാണ് എന്നാണ് വിവരം.
കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിക്കുന്നുണ്ട്.
കൊക്കയാറില്‍ നേരത്തെ ഏഴ് പേരേയാണ് കാണാതായതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ എട്ട് പേരെയാണ് കാണാതായിട്ടുള്ളത്. പെരുവന്താനത്ത് നിന്ന് ഒരാളുടെ മൃതദേഹവും കണ്ടെടുത്തിണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
ഇന്നലെ ലഭിച്ചതില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കണക്കുകളെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. മന്ത്രിമാരായ കെ.രാജന്‍, വി.എന്‍.വാസവന്‍, റോഷി അഗസ്റ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.കേരളത്തില്‍ പൊതുവേ മഴ കുറഞ്ഞുവരുന്നതായാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴക്കും 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന അറിയിപ്പ്.
കേരളത്തിലുടനീളം ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപംകൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്സ്നേയും നേവിയെയും അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദേശം നൽകി. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പീരുമേട് താലൂക്കില്‍ കാണാതായ വരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങള്‍
16.10.2021 ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ കൊക്കയാര്‍ വില്ലേജില്‍ നിന്നും കാണാതായവരുടേയും പെരുവന്താനം വില്ലേജില്‍ നിന്നും മരണപ്പെട്ടയാളുടേയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കൊക്കയാര്‍ വില്ലേജ്
1. ഫൗസിയ സിയാദ് – 28 വയസ്സ് ( D/o നസീര്‍ കല്ലുപുരയ്ക്കല്‍)
2. അമീന്‍ സിയാദ് – 10 വയസ്സ് (S/o ഫൗസിയ സിയാദ്)
3. അമ്‌ന സിയാദ് – 7 വയസ്സ് (D/o ഫൗസിയ സിയാദ്)
4. അഫ്‌സാര ഫൈസല്‍ – 8 വയസ്സ് (D /o ഫൈസല്‍ കല്ലുപുരയ്ക്കല്‍)
5. അഫിയാന്‍ ഫൈസല്‍ – 4 വയസ്സ് (S/o ഫൈസല്‍ കല്ലുപുരയ്ക്കല്‍)
6. ഷാജി ചിറയില്‍ – 55 വയസ്സ് (ചിറയില്‍)
7. സച്ചു ഷാഹുല്‍ – 7 വയസ്സ് (S/o ഷാഹുല്‍ പുതുപ്പറമ്പില്‍)
ഒഴുക്കില്‍പ്പെട്ട് കാണാതായത് കൊക്കയാര്‍ വില്ലേജ് പഞ്ചായത്തിന് സമീപം
8. ആന്‍സി സാബു – 50 ചേപ്ലാംകുന്നേല്‍
പെരുവന്താനം വില്ലേജ്
1. ജോജി – 44 വടശ്ശേരില്‍ (ബോഡി ലഭിച്ചു.) പോസ്റ്റ്മാര്‍ട്ടത്തിനായി ബോഡി കാഞ്ഞിരപ്പളളി താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
16.10.2021 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആളുകള്‍ അകപ്പെട്ടു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനം റവന്യു, ഫയര്‍ & റസ്‌ക്യു ഇടുക്കി ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ നടത്തിയെങ്കിലും രാത്രികാല പ്രതികൂല കാലാവസ്ഥമൂലം തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. റവന്യു, ഫയര്‍ & റസ്‌ക്യു, പോലീസ്, എന്‍ഡിആര്‍എഫ് എന്നിവര്‍ ചേര്‍ന്ന് 17.10.2021 രാവിലെ 7 മണി മുതല്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്്.