അമേരിക്കയുടെ രഹസ്യ ഓപ്പറേഷൻ ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്
വാഷിങ്ടണ്‍:അന്താരാഷ്ര ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ രഹസ്യ ഓപ്പറേഷനെ കുറിച്ച് വിശദമാക്കാന്‍ സേന തയ്യാറായില്ല.അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇത് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ, രഹസ്യ ഓപ്പറേഷനെ കുറിച്ചോ വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. സിറിയയിലെ ഇഡ്‌ലിബ് പ്രവശ്യയില്‍ നടത്തിയ രഹസ്യ ഓപ്പറേഷന്‍ വിജയകരം എന്നുമാത്രമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
രഹസ്യ ഓപ്പറേഷന്‍ നടത്തിയത് അല്‍ ബാഗ്ദാദിയെ ലക്ഷ്യംവെച്ചാണെന്നും, അദ്ദേഹം ഓപ്പറേഷനില്‍ മരിച്ചതായാണ് സൂചനയെന്നും അമേരിക്കന്‍ സൈനികനെ ഉദ്ധരിച്ച്
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച വിവരം പ്രതിരോധ വകുപ്പ് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദൗത്യം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് പ്രസിഡന്റ് ട്രംപ് രഹസ്യ ഓപ്പറേഷന് അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബിനു മുകളിലൂടെ യുഎസ് സേനയുടെ ഹെലികോപ്ടറുകള്‍ പറന്നിരുന്നുവെന്ന് സിറിയന്‍ ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കുന്നു. അതേസമയം അല്‍ ബാഗ്ദാദിയുടെ മരണം അവകാശപ്പെടുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ഇത് ആദ്യമല്ല. നേരത്തെ 2010 ഐഎസ് തലവനായി ചുമതലയേറ്റതിനു ശേഷം പല തവണ ഭീകരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.