കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ്.
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്.
കാസര്‍കോട്: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ( ഞായറാഴ്ച) ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക് എന്നിവടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബൂത്തും കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.
നാല് ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജനറൽ ഒബ്‌സർവർമാരെയും വിവരം ധരിപ്പിക്കും.