വനിതാ കമ്മീഷനെ വിമര്‍ശിച്ച് രമ്യ ഹരിദാസ്:വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.

രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ടയാളാണ് വനിതാ കമ്മീഷൻ. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ നടത്തിയ വിവാദ പരാമര്‍ശത്തിൽ സ്വമേധയാ നടപടി എടുക്കാമായിരുന്നു.

0

പാലക്കാട്: ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തിൽ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെൺകുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. അതുണ്ടായില്ലെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ടയാളാണ് വനിതാ കമ്മീഷൻ. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ നടത്തിയ വിവാദ പരാമര്‍ശത്തിൽ സ്വമേധയാ നടപടി എടുക്കാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. ഈ സാഹചര്യത്തിൽ കോടതിയിൽ നൽകിയ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ എ വിജയരാഘവൻ നടത്തിയ മോശം പരാമര്‍ശത്തിൽ വനിത കമ്മീഷൻ കേസെടുത്തോ എന്ന ചോദ്യത്തോട് രോഷത്തോടെയാണ് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുവരെ പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മീഷനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും എം സി ജോസഫൈൻ ആരോപിച്ചിരുന്നു.

രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ തന്നെ വനിത കമ്മീഷൻ കേസെടുത്തു. എ വിജയരാഘവനെ പ്രതി ചേർത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നുമാണ് എംസി ജോസഫൈന്‍റെ നിലപാട്.

You might also like

-