ബന്ധുനിയമനം: കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്
സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികരയിലേക്ക് അപേക്ഷിച്ചവരിൽ നിന്ന് തെരഞ്ഞെടുത്ത ഏഴിൽ അഞ്ച് പേർക്കും മതിയായ യോഗ്യതയുണ്ടെന്നായിരുന്നു പി കെ ഫിറോസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. യോഗ്യത ഇല്ലാത്ത രണ്ട് പേരിൽ ഒരാളാണ് മന്ത്രിയുടെ ബന്ധുവും നിലവിലെ ജനറൽ മാനേജരും ആയ കെടി അദീബ് എന്നാണ് ഫിറോസിന്‍റെ ആരോപണം
കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും KSMDFC യിൽ നിയമനം കിട്ടാത്തവരെ മുൻനിർത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികരയിലേക്ക് അപേക്ഷിച്ചവരിൽ നിന്ന് തെരഞ്ഞെടുത്ത ഏഴിൽ അഞ്ച് പേർക്കും മതിയായ യോഗ്യതയുണ്ടെന്നായിരുന്നു പി കെ ഫിറോസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. യോഗ്യത ഇല്ലാത്ത രണ്ട് പേരിൽ ഒരാളാണ് മന്ത്രിയുടെ ബന്ധുവും നിലവിലെ ജനറൽ മാനേജരും ആയ കെടി അദീബ് എന്നാണ് ഫിറോസിന്‍റെ ആരോപണം. ഈ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുന്നതിനൊപ്പം യൂത്ത് ലീഗ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് പി കെ ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കുടുംബശ്രീയിലെ നിയമനവുമായി ബന്ധപ്പെട്ടും യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. കുടുംബശ്രീയിൽ പ്രോഗ്രാം കോർഡിനേറ്ററായി റിയാസ് അബ്ദുള്ള എന്നയാളെ നിയമിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേരത്തെ വിജിലൻസിന് പരാതി കൊടുത്തിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചത്.