അറബിക്കടലിൽ ന്യൂന മർദ്ദം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം:അറബിക്കടലിൽ ന്യൂന മർദ്ദം രൂപകൊണ്ടതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
ന്യൂന മർദ്ദം ,കൊല്ലം ജില്ലകളിൽ ഇന്ന് കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ല എന്ന് അറിയിപ്പ്. അതത് ജില്ലകളിലെ കളക്ടർമാരാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇരുജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിനേഷൻ മാറ്റി വച്ചിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലർച്ചെ നാല് മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉൾപ്പെടെയുളള പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം വെളളം കയറിയിരുന്നു.തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിലും കടൽക്ഷോഭം ശക്തം. മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കേണ്ടി വരും കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ കാറ്റിന്റെ ഗതിയെക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിട്ടില്ല.
അതേസമയം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുതെന്നും നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്നവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശം നല്കി. ന്യൂനമര്‍ദം ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.