ചിറ്റൂർക്കടവ് പാലം പുനർ നിർമാണം-ഉന്നത തല യോഗം ചേർന്നു
റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു
കോന്നി:-ചിറ്റൂർക്കടവ്,മാത്തൂർ,കൈപ്പട്ടൂർ പാലങ്ങളുടെ നിർമാണ പ്രതിസന്ധി പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി ഇ .ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു.2016 ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർ മുക്കിനെയും,കോന്നി അട്ടച്ചാക്കൽ കുമ്പഴ റോഡിനെയും ബന്ധിപ്പിക്കുന്ന പാലം റിവർ മാനേജ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചത്.നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.പണികൾ ആരംഭിച്ചെങ്കിലും ഫണ്ട് ലഭിക്കാതായതോടെ കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിർത്തി വച്ചു.
മാത്തൂർ കൈപ്പട്ടൂർ പാലങ്ങളുടെ നിർമാണവും ഇത്തരത്തിലാണ് നിലച്ചത്.തുടർന്ന് കരാറുകാരൻ കോടതിയെ സമീപിക്കുകയും ചെയ്തു.ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടർന്ന് അഡ്വ.കെ.യു ജെനിഷ് കുമാർ എം.എൽ.എ വികസന സെമിനാറിൽ വച്ച് ചിറ്റൂർ കടവ് പാലത്തിനായി ഒരു കോടി രൂപ വകയിരുത്തി.ഇതിന്റെ ഭരണാനുമതിക്കായി സമീപിച്ചപ്പോഴാണ് കേസ് നിലനിൽക്കുന്നതിനാൽ പുനർ നിർമാണത്തിന് അനുമതി ലഭിക്കില്ലെന്ന് ബോധ്യമായത്.തുടർന്ന് എം.എൽ.എ മാരായ അഡ്വ.ജെനിഷ് കുമാറും,വീണാ ജോർജും മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റെവന്യൂ മന്ത്രി ഉന്നത തല യോഗം വിളിക്കുകയുമായിരുന്നു.യോഗത്തിൽ പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും,പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് എടുക്കാനും മന്ത്രി നിർദേശിച്ചു.ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു പുനർ നിർമാണത്തിന് അനുമതി തേടാനും യോഗം തീരുമാനിച്ചു.യോഗത്തിൽ അഡ്വ.കെ.യു ജെനിഷ് കുമാർ എം.എൽ.എ,വീണാ ജോർജ് എം.എൽ.എ,റെവന്യൂ അഡിഷണൽ സെക്രട്ടറി ജെ.ബെൻസി,ചീഫ് ട്രേഡ് എക്സാമിനർ കൃഷ്ണകുമാർ,നിയമ വകുപ്പ് ജോ.സെക്രട്ടറി രെഹന,അസിസ്റ്റന്റ് ലാൻഡ് റെവന്യൂ കമ്മീഷണർ എം.വി വിനോദ്,നിർമിതി ജില്ലാ കോ ഓർഡിനേറ്റർ സനൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.