കേന്ദ്രബജറ്റ് നിരാശാജനകമെന്ന് സംസ്ഥാനത്തെ അവഗണിച്ചു ഭരണപക്ഷവും പ്രതിപക്ഷവും
പ്രളയ പുനരധിവാസത്തിനു സഹായം ലഭിച്ചില്ലെന്നു മാത്രമല്ല കേരളത്തിനു ലഭിക്കേണ്ട സഹായം വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഭരണ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു
തിരുവനന്തപുരം :കേന്ദ്രബജറ്റ് നിരാശാജനകമെന്ന് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും. ഇന്ധന വില വര്‍ധന സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കും. എയ്ംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പ്രളയ പുനരധിവാസത്തിനു സഹായം ലഭിച്ചില്ലെന്നു മാത്രമല്ല കേരളത്തിനു ലഭിക്കേണ്ട സഹായം വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഭരണ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എയംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധന സംസ്ഥാനത്ത് വിലക്കയറ്റത്തിനു കാരണമാകും. വായ്പാപരിധി ഉയര്‍ത്താത്തത് പ്രളയം തകര്‍ത്ത കേരളത്തിനു തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിഹിതം കൂട്ടാനും തയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റ് വിലക്കയറ്റത്തിനു കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ കന്നിബജറ്റ് സംസ്ഥാനത്തിനു ഇരുട്ടടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രവാസികളോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ പൂര്‍ണമായും അവഗണിച്ച ബജറ്റാണിതെന്നും ജനജീവിതം ദുസഹമാക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.