അധിക വോട്ട് , കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗ് നാളെ

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ആം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ബൂത്താണ് ഇത്.

0

കൊച്ചി :എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗ് നാളെ. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ആം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ബൂത്താണ് ഇത്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരമായിരുന്നു രണ്ടാം വട്ടമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. രണ്ടാം വട്ടവും വോട്ടെടുപ്പിന് ഒരുങ്ങുന്ന ബൂത്തിൽ വോട്ട് കുറയാതിരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും രംഗത്തുണ്ട്. പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല. ഉച്ചയ്ക്ക് കളക്ട്രേറ്റിൽ നിന്ന് പോളിംഗ് സാമഗ്രികള്‍ ശേഖരിച്ച് വൈകുന്നേരത്തോടെ ബൂത്ത് പ്രവർത്തന സജ്ജമാകും. എല്ലാവരെയും ഒരിക്കല്‍ കൂടി പോളിംഗ് ബൂത്തിലേയ്ക്ക് എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് മുന്നണി പ്രവര്‍ത്തകരും.

ആകെയുള്ള 187 വീടുകളിലായി 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 വോട്ടർമാരാണ് വോട്ട് ചെയ്തത്. എന്നാൽ പോൾ ചെയ്തതിൽ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്ന് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടുകയായിരുന്നു. മോക്ക് പോളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംങ്ങ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതായിരുന്നു ഇതിന് കാരണം. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ്.

You might also like

-