രഞ്ജന്‍ ഗൊഗോയ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടപടികളിൽ അഴിച്ചുപണി
വിഷയങ്ങളിലും പൊതുതാല്‍പര്യ ഹര്‍ജികള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് പുതിയ ചീഫ് ജസ്റ്റിസിന്‍റെ നിലപാട്.

ഡൽഹി : ഇന്ത്യയുടെ നാല്‍പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. ഇനി കോടതി നടപടികളില്‍ സമഗ്രമാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. 12 മണിക്ക് ആദ്യ കേസ് പരിഗണിക്കുന്നതിന് മുമ്പായി ചീഫ് ജസ്റ്റിസ് കോടതിക്ക് മുമ്പാകെ കേസുകള്‍ പരാമർശിക്കുന്ന രീതി നിർത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദ്ദേശിച്ചു. മുന്‍ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര എല്ലാ കേസുകളും പരാമര്‍ശിക്കാന്‍ പ്രവര്‍ത്തിസമയത്തിനിടെ ആദ്യ ഇരുപത് മിനിറ്റ് നല്‍കിയിരുന്നു.
എല്ലാ വിഷയങ്ങളിലും പൊതുതാല്‍പര്യ ഹര്‍ജികള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് പുതിയ ചീഫ് ജസ്റ്റിസിന്‍റെ നിലപാട്. ആദ്യദിനം തന്നെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനെതിരായ കേസ് പരാമര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് അഡ്വ. പ്രശാന്ത് ഭൂഷണെ അനുവദിച്ചില്ല. ഫയല്‍ ചെയ്ത ശേഷം ചട്ടപ്രകാരം ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർക്കൊപ്പമിരുന്നാണ് ആദ്യ കേസ് കേട്ടത്.
രാഷ്ട്രപതി ഭവനിൽ രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിൽ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗൊഗോയി. അടുത്ത വർഷം നവംബർ പതിനേഴ്വരെ രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരും. അയോധ്യാ കേസിൽ പുതിയ ബഞ്ച് രൂപീകരിക്കേണ്ടത് ജസ്റ്റിസ് ഗൊഗോയിയുടെ ആദ്യ ചുമതലകളിലൊന്നാണ്. ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നല്കിയിരുന്ന ബഞ്ചിലേക്ക് പുതിയ ചീഫ് ജസ്റ്റിസ് സ്വയം എത്തുമോ ബഞ്ചിലെ അംഗങ്ങളെ മാറ്റുമോയെന്നതും ശ്രദ്ധേയമാണ്. മുൻ അസം മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി അസം പൗരത്വ രജിസ്റ്റർ കേസാണ്.