ഓണം ഒരുമിച്ച് …ക്യാംപുകളിൽ അതിജീവനത്തിന്റെ തിരുവോണം
പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് കേരളത്തില്‍ ഇത്തവണ തിരുവോണമെത്തുന്നത്. സമീപകാലത്ത് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തോട് പോരടിക്കുന്ന കേരള ജനതയോടൊപ്പം ഒരേ മനസ്സോടെയാണ് ലോകമലയാളി ഈ ഓണക്കാലത്തെ വരവേറ്റത്.
സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് ഇത്തവണ വമ്പിച്ച രീതിയിലുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ആഘോഷങ്ങള്‍ക്കായി വകമാറ്റിയ തുക മുഴുവന്‍ ദുരിതബാധിതര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.അതേസമയം പ്രളയക്കെടുതി സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാന്‍ മരുന്നായാണ് ഓണം എത്തിയിരിക്കുന്നത്.
തിരുവോണദിനമായ ഇന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയക്കെടുതിയോട് മല്ലടിച്ച് എട്ടുലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. അവര്‍ക്ക് ഇത്തരം ഒരാഘോഷം ചെറിയ രീതിയിലെങ്കിലും ആശ്വാസം പകരും. പ്രളയം എല്ലാം കവര്‍ന്ന് എടുത്തവര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ഓണമൊരുക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയോട് ഒരേ മനസ്സോടെ ഒരുമിച്ച് നിന്ന് പൊരുതുന്ന ഈ ഓണക്കാലത്ത് മാനുഷരെല്ലാരും ഒന്നുപോലെയെന്ന് എല്ലാമലയാളികള്‍ക്കും അഭിമാനത്തോടെ പറയാം.എപ്പൊഴാനാണ് യഥാർത്തത്തിൽ മാലോകരെല്ലാം ഒന്നുപോലെയായത് .