കാലവർഷം കലിതുള്ളി  നിറഞ്ഞുതുളുമ്പി  ജലസംഭരണികൾ  

തിരുവനന്തപുരത്തും തൃശൂരിലുമായി മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത്ദിവസങ്ങളായി തിമിർത്തു പെയ്യുന്ന  കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരത്തും തൃശൂരിലുമായി മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ് കുട്ടി ജോണ്‍ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. തൃശൂർ കുറ്റുമുക്കിൽ കുളത്തിൽ വീണ് ഏറമഞ്ഞൂർ മന നാരായണൻ നമ്പൂതിരി മരിച്ചു. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ മലയോരമേഖലകളിൽ മണ്ണിടിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി. മഴ കനത്തതോടെ സംസ്ഥാനത്തിന്റെ തീരദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി.

ഒഡീഷാ തീരത്ത് അന്തരീക്ഷ ചുഴി രൂപപ്പെട്ടത്തിനെ തുടർന്നാണ് സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്യുന്നത്. അടുത്ത രണ്ട് ദിവസം സംസ്ഥാനത്താകെ കനത്ത മഴ ലഭിക്കും.തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നെയ്യാർ, പേപ്പാറ, അരുവിക്കര എന്നീ ഡാമുകളുടെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ആലപ്പുഴയിലെ കുട്ടനാടൻ മേഖലയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കോട്ടയത്തെ മലയോരമേഖലകളിലും മഴ നാശം വിതച്ചു.

കക്കയം ഡാമിൽ ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട് ബാലുശേരി തലയാട്ട് 26-ാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞു. ആറളം വനത്തില്‍ ഉരുള്‍പൊട്ടലുമുണ്ടായി. ആറളം ഫാമിലെ വളയം ചാലിലെ തൂക്കുപാലം ഒലിച്ചുപോയി. പാലക്കാട്‌ മലമ്പുഴ ഡാമിലും പോത്തുണ്ടി ഡാമിലും ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.മഴ കനത്തതോടെ തീരദേശ മേഖലകളിൽ കടൽക്ഷോഭവും രൂക്ഷമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണത്തിൽ വ്യാപക നാഷനഷ്ടങ്ങളാണുണ്ടായത്. ഗുരുവായൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. കനത്തമഴയിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതവും താറുമാറായി.

You might also like

-