ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്ക് ഇന്ന് റെഡ് അലര്‍ട്ട്; ഏഴു ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിങ്കളാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴു ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളിലായി 835 പേര്‍ ക്യാമ്പുകളിലുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കാസര്‍കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴു ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളിലായി 835 പേര്‍ ക്യാമ്പുകളിലുണ്ട്.
വടക്കന്‍ ജില്ലകളില്‍ മഴ തുടരും. ശനിയാഴ്ച പെയ്ത മഴയില്‍ എറണാകുളം ജില്ലയില്‍ ഒരു മരണം. കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ റാഫിയാണ് (14) മുങ്ങി മരിച്ചത്. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.
കനത്ത മഴയെ തുടർന്ന് കാസർകോട്ടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ആളുകളെ ഫയർഫോഴ്‍സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയിൽ ഇന്നും റെഡ് അലർട്ട് തുടരും. കാഞ്ഞങ്ങാട് , അരയി, പനങ്ങാട്, പുല്ലൂർ പെരിയ, അണങ്കൂർ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയർന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഒറ്റപ്പെട്ടു. അഗ്നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് വയോധികരടക്കമുള്ളവരെ വീടുകളിൽ നിന്നും മാറ്റിയത്.
സ്ഥലം സന്ദർശിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാരോട് മാറിതാമസിക്കുവാൻ ആവശ്യപ്പെട്ടു. താത്കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയർന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. നാളെയും മഴ തുടർന്നാൽ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.