താമരശ്ശേരി, കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുമരണം,ഏഴുപോര കാണാതായി
ദുരന്തത്തിനിരയായ 7 പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടലുണ്ടായത്.
താമരശ്ശേരി: താമരശ്ശേരിക്കടുത്ത് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി മൂന്ന് കുട്ടികളടക്കം ഏഴ് മരണം. ദുരന്തത്തിനിരയായ 7 പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടലുണ്ടായത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), കരിഞ്ചോല ജാഫര്‍ (34), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ചരയ്ക്കും ഉണ്ടായ ഉരുള്‍ പൊട്ടലിലാണ് മരണം സംഭവിച്ചത്.
മരിച്ച ജന്നത്ത് കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ദില്‍ന ഷെറിന്‍ വെട്ടി ഒഴിഞ്ഞ തോട്ടം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. നിപാ വൈറസ് ഉയര്‍ത്തിയ ഭീതി മാറും മുമ്പേ കോഴിക്കോട് ജില്ലയില്‍ കനത്ത മഴ നാശം വിതച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന അഞ്ച് വീടുകളില്‍ നാല് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കരിഞ്ചോല ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുസലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തിന് അല്‍പ്പ സമയം മുമ്പ് വീട് മാറിയതിനാലാണ് ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് കരിഞ്ചോല മലയിലെ വടക്ക് ഭാഗത്താണ് വലിയ ശബ്ദത്തോടെ ആദ്യം ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് പ്രസാദും കുടുംബവും വീടിനുള്ളില്‍ കുടുങ്ങി. അഞ്ച് വയസുകാരനായ ഇളയ മകനെയുമെടുത്ത് പ്രസാദും ഭാര്യയും പുറത്തിറങ്ങി. നാട്ടുകാരെത്തിയ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് മൂത്ത മകനെ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. ഇതറിഞ്ഞയുടനെയാണ് അബ്ദുറഹിമാനും കുടുംബവും വീട്ടില്‍ നിന്ന് മാറിയത്. പിന്നീട് പുലര്‍ച്ചെ അഞ്ചരോടെയാണ് മലയുടെ മറ്റൊരു ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ നാല് വീടുകളും പൂര്‍ണമായും മണ്ണിനടിയിലായി.
കരിഞ്ചോല ഹസന്റെ ഭാര്യ നഫീസയെ കാണാതായി. ജാഫറിന്റെ ഭാര്യ ഹന്നത്തും ഒരു മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുല്‍ സലീമിന്റെ വീട്ടില്‍ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. സലീമും ഭാര്യയും ഒരു മകനും ഉമ്മയും രക്ഷപ്പെട്ടു. നാലുപേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവര്‍ക്കുവേണ്ടി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇരുപത് അംഗ ദുരന്ത നിവാരണ സേന ജില്ലയിലെത്തിയത്. ഫയര്‍ഫോഴ്‌സ്, പൊലീസ് തുടങ്ങിയവയോടൊപ്പം തഹസില്‍ദാര്‍ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള റവന്യു വകുപ്പ് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സജീവ പങ്കുവഹിക്കുന്നു.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അധികജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റ്യാടി പുഴയില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുമെത്തിയതോടെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലായി.
മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ കാരാട്ട് റസാഖ്, ജോര്‍ജ് എം തോമസ്, പി ടി എ റഹിം, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ യു വി ജോസ്, സബ് കളക്ടര്‍ വി വിഘ്‌നേശ്വരി, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് കട്ടിപ്പാറ പഞ്ചാത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അപകടത്തില്‍പ്പെട്ട പ്രസാദിനെയും കുടുംബത്തെയും മന്ത്രിമാരും എം എ എല്‍യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും താമരശ്ശേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സിപിഐ നേതാക്കളും സംഭവസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം നാരായണന്‍ മാസ്റ്റര്‍, നേതാക്കളായ പി സുരേഷ് ബാബു, പി സി തോമസ്, ടി എം പൗലോസ്, റിയാസ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടിപ്പാറയില്‍ സന്ദര്‍ശനം നടത്തിയത്.ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്പുകള്‍ ആരംഭിച്ചു. ഗവ. യു.പി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലായി 248 പേരാണ് ക്യാമ്പിലുുള്ളത്.