ന്യൂന മർദ്ദം സംസ്ഥാനത്ത് കാലവർഷം പരക്കെ മഴ
അറബിക്കടലിൽ കാലവർഷക്കാറ്റും ശക്തമായിട്ടുണ്ട്. മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗതയിലാണ് പലഭാഗങ്ങളിലും കാറ്റ് വീശുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു ഇന്നലെ വൈകിട്ട് മുതൽ തുടങ്ങി മഴ,സംസ്ഥാനത്തെ എല്ലായിടത്തും തുടരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ശരാശരി ശക്തിയിൽ ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ കേരളത്തിൽ പെയ്യുന്നത്. വലിയ കാറ്റും ശക്തമായ ഇടിമിന്നലും ഇല്ലാത്തതും ആശങ്ക അൽപം കുറയ്ക്കുന്നുണ്ട്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി മഴ എത്തിയത്. ഇനിയുള്ള രണ്ട് ദിവസങ്ങളിൽ കേരളത്തിൽ പൊതുവിലും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അറബിക്കടലിൽ കാലവർഷക്കാറ്റും ശക്തമായിട്ടുണ്ട്. മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗതയിലാണ് പലഭാഗങ്ങളിലും കാറ്റ് വീശുന്നത്.ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ പിലിക്കോട് -114 mm,പീരുമേട്-102, എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. വടകരയ്ക്കടുത്ത് രാത്രി റെയിൽവേ ട്രാക്കിൽ തെങ്ങ് വീണു. ഇത് മുറിച്ച് മാറ്റി പിന്നീട് റെയിൽ ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം ജില്ലയിലെ കിഴക്കൻ, മലയോര മേഖലകളിൽ ഇന്നലെ തുടങ്ങിയ മഴ രാവിലെയും തുടരുന്നുണ്ട്. കാസർകോട് ജില്ലയിലും മഴ തുടരുന്നു. പലയിടങ്ങലിലും മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ മലപ്പുറത്ത് മഴ തുടരുന്നുണ്ട്. ഇടക്കിടെ ചെറിയ കുറവുമുണ്ട്. അനിഷ്ട സംഭവങ്ങളോ നാശ നഷ്ട്ടങ്ങളോ ഇതുവരെയില്ല.