ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവത്തിൽ വ്യവസായി സി സി ജയന്റെ വീട്ടിൽ റെയ്ഡ്
ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ജയൻ പൊലീസിന് മുന്നിൽ ഹാജരാക്കി. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണെന്ന പൊലീസ് ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല
ചേലക്കര | ചെറുതുരുത്തിയിൽ പണം പിടികൂടിയ സംഭവത്തിൽ കാറിൽ പണം കൊണ്ടുപോയ വ്യവസായി സി സി ജയന്റെ വീട്ടിൽ റെയ്ഡ്.
ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇലക്ഷൻ കമ്മീഷൻ സ്ക്വാഡും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെത്തി. വീട്ടിൽ നിന്ന് കണ്ടെത്തിയ തുക ആയത് കൊണ്ട് പണം പിടിച്ചെടുത്തിട്ടില്ല.
പണം അവർക്ക് തന്നെ തിരികെ നൽകി.കണക്കിൽപ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തത്. ചെറുതുരുത്തിയിൽ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. ജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ വീട് പണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈൽസ് വാങ്ങാൻ വേണ്ടിയാണ് പണമെന്നുമാണ് ജയൻ പൊലീസ് നൽകിയ മൊഴി. ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ജയൻ പൊലീസിന് മുന്നിൽ ഹാജരാക്കി. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണെന്ന പൊലീസ് ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ആവശ്യമായ രേഖകളില്ലാത്തതിനാൽ പണം ഇൻകം ടാക്‌സ് കണ്ടുകെട്ടി.നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.