നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ്
വാഴക്കാട് എളമരത്തുള്ള വീട്ടില്‍ പരിശോധന നടത്തിയത്.
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വാഴക്കാട് എളമരത്തുള്ള വീട്ടില്‍ പരിശോധന നടത്തിയത്. വാഴക്കാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് ഇന്ന് രാവിലെ വീട്ടിലെത്തി മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയത്. വീടിനടുത്തുള്ള ഒരു ക്വാര്‍ട്ടേൻഴ്സും പരിശോധിച്ചു. കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം അഭിമന്യു വധക്കേസിൽ പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ് പരക്കം പായുകയാണ്. ഇവർ എവിടെപ്പോയ് ഒളിച്ചെന്നറിയാൻ 16 എസ്.ഡി.പി.ഐ –പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ യു.എ.പി.എ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ഡിജിപിയും അറിയിച്ചു.
എറണാകുളം റൂറൽ പൊലീസിന്‍റെ പരിധിയിലുളള ആലുവ, പെരുന്പാവൂർ മേഖലകളിലുളള എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന് 12 ദിവസമായിട്ടും കൊലയാളിയും മുഖ്യസൂത്രധാരനുമടക്കം കൃത്യത്തിൽ പങ്കെടുത്തവർ എവിടെയെന്ന് പൊലീസിന് യാതൊരു ഊഹവുമില്ല. ബാഹ്യ സഹായം ഇല്ലാതെ ഇത്രയും ദിവസം ഇവർക്ക് ഒളിവിൽ ഇരിക്കാൻ കഴിയില്ലെന്നാണ് കണക്കുകൂട്ടൽ. പ്രതികളാരും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നില്ല. എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളാണ് പ്രതികൾക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നതെന്നും സഹായങ്ങള്‍ എത്തിക്കുന്നതെന്നുമുള്ള വിവരത്തെത്തുടർന്നാണ് ചോദ്യം ചെയ്യൽ. പ്രധാന പ്രതികൾ പിടിയിലായശേഷം യു.എ.പി.എ ചുമത്തുന്നത് പരിശോധിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.