രാഹുൽ ബുധനാഴ്ച വയനാട്ടിൽ; തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തും
രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിന് ശേഷം തിരുനെല്ലിയില്‍ എത്തും. ക്ഷേത്രദര്‍ശനവും പിതാവിനായി ബലിതര്‍പ്പണവും നടത്തും. തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്,തിരുനെല്ലി ക്ഷേത്രത്തിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കല്പറ്റ :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. രാവിലെ 8.40ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തിന് ശേഷം തിരുനെല്ലിയില്‍ എത്തും. ക്ഷേത്രദര്‍ശനവും പിതാവിനായി ബലിതര്‍പ്പണവും നടത്തും. തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്,തിരുനെല്ലി ക്ഷേത്രത്തിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനെല്ലിയിലെ ബലിതർപ്പണത്തിന് ശേഷം രാഹുൽ വയനാട് മണ്ഡലത്തിലെ മൂന്നിടത്ത് പ്രസംഗിക്കും.
രാഹുൽ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും കോൺഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കർശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശം ആയതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.
1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്. ബലിതർപ്പണ ചടങ്ങിനു ശേഷം രാഹുൽ ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.