രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും
വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡും തീരുമാനം അംഗീകരിച്ചു
ഡൽഹി :അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ആ പ്രഖ്യാപനം വന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡും തീരുമാനം അംഗീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹിയില്‍ ര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിര്‍ണ്ണായക കൂടിയാലോചനകളാണ് ദില്ലിയിൽ ഇന്ന് രാവിലെ മുതൽ നടന്നത്. ഒരാഴ്ച മുൻപ് തന്നെ രാഹുൽ വയനാട്ടിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കോണഗ്രസ് അധ്യക്ഷൻ മനസ് തുറന്നിരുന്നില്ല. നിര്‍ണ്ണായക തീരുമാനത്തിന് മുൻപ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും ഏകെ ആന്റണിയും കെസി വേണുഗോപാലും കൂടിക്കാഴ്ച നടത്തി. അഹമ്മദ് പാട്ടേലും കൂടിയാലോചനകളിൽ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി നേതൃത്വമാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്. രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ മുതിര്‍ന്ന നേതാക്കളും ഈ ആവശ്യം മുന്നോട്ടുവെച്ചു. അതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പരന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഇതിനിടെ രാഹുല്‍ വയനാട്ടില്‍ എത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സിപിഐഎം നേതാക്കള്‍ ചൂണ്ടിക്കാട്ടി. അനിശ്ചിതങ്ങള്‍ക്കിടയില്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ രാഹുല്‍ തയ്യാറാകുന്നില്ല. ഒരു ഹിന്ദി ദിന പത്രത്തിനും വാര്‍ത്ത ഏജന്‍സിയായ പിടിഐക്കും നല്‍കിയ അഭിമുഖത്തില്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന സൂചന രാഹുല്‍ നല്‍കി. ദക്ഷിണേന്ത്യയില്‍ മത്സരിക്കണം എന്ന ആവശ്യം ന്യായം ആണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നുമാണ് രാഹുല്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ പതിനെട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും വയനാട് മണ്ഡലം ഒഴിച്ചിട്ടത് ആശങ്കയും ആശയക്കുഴപ്പങ്ങളും ഇരട്ടിക്കാന്‍ ഇടയാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നതിലുള്ള അമര്‍ഷം വ്യക്തമാക്കി മുസ്ലീം ലീഗും മുതിര്‍ന്ന നേതാക്കളും എത്തി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ തീരുമാനം വൈകുന്നതില്‍ മനപ്രയാസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിനിടെ രാഹുല്‍ വയനാട്ടിലും പ്രിയങ്കാ ഗാന്ധി വാരാണസിയിലും മത്സരിക്കുമെന്ന വാര്‍ത്തയുമെത്തി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിലാണ് വിരാമമായിരിക്കുന്നത്.