അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി.

സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് പി.സി.സികള്‍ രാഹുലിനെ കത്തയച്ചു അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് പ്രഖ്യാപിച്ചത് .

0

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനെത്തിയ നേതാക്കളോട് രാഹുൽ നിലപാട് ആവര്‍ത്തിച്ചു. അതേ സമയം സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് പി.സി.സികള്‍ രാഹുലിനെ കത്തയച്ചു അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് പ്രഖ്യാപിച്ചത് . എന്നാൽ രാജിസന്നദ്ധത തള്ളിക്കൊണ്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ഇതിനോട് രാഹുൽ പ്രതികരിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം നേതാക്കളെ ആരെയും രാഹുൽ കണ്ടില്ല. എന്നാൽ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണു ഗോപാലും ഇന്ന് രാഹുലിനെ കണ്ടു. തീരുമാനം മാറ്റണമെന്ന് അഭ്യര്‍ഥിച്ചു. എന്നാൽ അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ മറുപടി നല്‍കി. കൂടുതൽ നേതാക്കള്‍ കാണാൻ ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയക്ക് രാഹുൽ സമയം അനുവദിക്കുന്നില്ല. പി.സി.സികള്‍ കത്തയക്കുന്നതിനൊപ്പം രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍.സാവാധാനത്തിൽ തീരുമാനത്തിൽ നിന്ന് രാഹുലിനെ പിന്തരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

ഇതിനിടെ പ്രവര്‍ത്തക സമിതിയിലെ ചര്‍ച്ചകളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസ്താവനയിറക്കി . സംഘടനയിൽ സമൂലമാറ്റത്തിന് രാഹുലിനെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യക്തികള്‍ക്കെതിരായ വിമര്‍ശനം അല്ല പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകളാണ് പ്രവര്‍ത്തക സമിതിയിലുണ്ടായത് . എന്നാൽ അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഉറച്ചു നില്‍ക്കുന്നതിനെക്കുറിച്ച് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രസ്താവന മൗനം പാലിക്കുന്നു.

രാഹുൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. പല സംസ്ഥാനങ്ങളിലേയും പിസിസി അധ്യക്ഷൻമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയാണ്. നേരത്തെ യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാര്‍ രാജിവച്ചിരുന്നു. ഇന്ന് അസം ,ജാര്‍ഖണ്ഡ് ,പഞ്ചാബ് ,മഹരാഷ്ട്ര പി.സി.സി അധ്യക്ഷൻ മാര്‍ കൂടി രാജിവച്ചു .രാഹുൽ വിമര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ മന്ത്രിസഭയിൽ പടയൊരുക്കം തുടങ്ങി. രണ്ടു മന്ത്രിമാര്‍ ഗെലോട്ടിനെതിരെ രംഗത്തുവന്നു.

You might also like

-