രാഷ്ട്രീയം പറയുന്നില്ല കേരളത്തിന് കേന്ദ്ര സഹായം നൽകണം
കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
കൽപ്പറ്റ :വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേഗത്തില്‍ സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിലെ കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട് ജില്ലയില്‍ എത്തിയത്. ആദ്യം പോയത് പുത്തുമലയിലേയ്ക്ക്. അതിനു ശേഷം ദുരിതബാധിതരെ മാറ്റിപാര്‍പ്പിച്ച മേപ്പാടി സര്‍ക്കാര്‍ സ്കൂളിലെ ക്യാംപിലെത്തി. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനു ശേഷമാണ് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. വയനാട്ടിലെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും കാര്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ ഇന്ന് രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉച്ചയ്ക്കു ശേഷം മഴ രൂക്ഷമായതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തുടരും. മദ്രാസ് റെജിമെന്റില്‍ നിന്നെത്തിയ സൈനികരുടെ നേതൃത്വത്തില്‍ പുത്തുമലയിലെ പാലം ഇന്ന് പുനര്‍നിര്‍മിച്ചു. ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യമുണ്ട്.