റഫാൽ ഇടപാടിൽ സിബിഐ അന്വേഷണ ആവശ്യപെട്ട് ഹർജി വിധി ഇന്ന്
മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ മുൻ ഉത്തരവ് പുനഃപരിശോധിക്കരുത് എന്നാണ് കേന്ദ്ര സർക്കാർ വാദം. അതേസമയം കോടതി അലക്ഷ്യ ഹർജിയിൽ മാപ്പ് പറഞ്ഞുള്ള രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് എത്തും.
ന്യൂഡല്‍ഹി: റഫാൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയുള്ള 2018 ഡിസംബറിലെ വിധി ചോദ്യം ചെയ്തുള്ള പുനഃ പരിശോധന ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ മുൻ ഉത്തരവ് പുനഃപരിശോധിക്കരുത് എന്നാണ് കേന്ദ്ര സർക്കാർ വാദം. അതേസമയം കോടതി അലക്ഷ്യ ഹർജിയിൽ മാപ്പ് പറഞ്ഞുള്ള രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് എത്തും.
വിധിക്ക് ശേഷം പുറത്തു വന്നതും മോഷ്ടിക്കപ്പെട്ടതെന്ന് കേന്ദ്ര സർക്കാർ പറയുന്നതുമായ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഇടപാടിലെ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യുന്ന വിലപേശൽ സംഘത്തിന്റെ റിപ്പോർട്ട്, പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചർച്ച നടത്തിയെന്ന ഫയൽ കുറിപ്പ്, കരാറിന് സോവറിൻ ഗ്യാരണ്ടിയില്ലാത്തതും, അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയതും തെളിയിക്കുന്ന രേഖകൾ എന്നിവയാണ് കോടതി പരിശോധിക്കുക. അതേസമയം കേന്ദ്ര സർക്കാരാകട്ടെ പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന ആവശ്യവുമായി മുൻ വാദങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.
റഫാൽ ഇടപാടിൽ കാവൽക്കാരൻ കള്ളൻ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന പ്രസ്താവനയിൽ മാപ്പ് പറഞ്ഞുള്ള കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലവും ഇന്ന് കോടതി പരിഗണിക്കും. കോടതി അലക്ഷ്യ ഹർജി തീർപ്പാക്കണോ എന്നാണ് തീരുമാനിക്കുക. 6,7 ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പുകൾ ബാക്കി നിൽക്കെയാണ് ഹർജികൾ പരിഗണിക്കുന്നത്. കോടതി ഇന്ന് വേനലവധിക്ക് പിരിയുകയും ചെയ്യും. അതിനാൽ കേസുമായി ബന്ധപ്പെട്ട കോടതിയുടെ പരാമർശങ്ങൾ ബിജെപിക്കും കോണ്ഗ്രെസിനും രാഷ്ട്രീയമായി നിർണായകമാണ്