പി.വി.തൊമ്മി സ്മരണകള്‍ സജ്ജീവമാക്കിയ സംഗീതസായാഹ്നം
ഡാളസ്: ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ക്രൈസ്തവ മനസ്സുകളില്‍ ഇന്നും സ്ഥായിയായി നില്‍ക്കുന്ന നൂറില്‍പരം പ്രശസ്ത ക്രിസ്തീയ ഗാനങ്ങള്‍ രചിച്ച പി.വി.തൊമ്മിയുടെ ജീവിത കഥയും, ഗാനരചനകളുടെ പശ്ചാത്തലവും കോര്‍ത്തിണക്കി തയ്യാറാക്കിയ സംഗീതനിശ ഡാളസ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന ഗാനാസ്വാദകര്‍ക്ക് അപൂര്‍വ്വ അനുഭവമായിരുന്നു. ഡാളസ് വൈഎം.ഇഎഫാണ് സംഗീത സായാഹ്നം സംഘടിപ്പിച്ചത്. ഡിസംബര്‍ 16 ഞായറാഴ്ച കരോള്‍ട്ടണിനുള്ള ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ വൈകീട്ട് 6 മണിക്ക് ആരംഭിച്ച സംഗീത പരിപാടി മുപ്പത്തിയെട്ടുവര്‍ഷം മാത്രം ഭൂമിയില്‍ ജീവിക്കാന്‍ അവസരം ലഭിച്ച അനുഗ്രഹീത ഗായകന്‍ പി.വി.തൊമ്മിയുടെ സ്മരണകള്‍ ഒരിക്കല്‍ക്കൂടി ജനഹൃദയങ്ങളെ സജ്ജീവമാക്കുകയും നയനങ്ങളെ ഈറനണിയിക്കുകയും ചെയ്തു. തൃശൂര്‍ കുന്നംകുളത്ത് 1881 ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപകനായി ജോലിയിലിരിക്കെ ദൈവിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗം രാജിവെച്ചു പൂര്‍ണ്ണ സമയ മാര്‍ത്തോമാ സഭ സുവിശേഷകനായി സേവനം അനുഷ്ഠിച്ച് 1919 ല്‍ കോളറാ ബാധിച്ച് ഭൗതീക ജീവതത്തോട് വിട പറയുന്നതിനിടയില്‍, രചിച്ച അനശ്വര ഗാനങ്ങള്‍ വിവിധ ചര്‍ച്ചുകളില്‍ നിന്നും എത്തിചേര്‍ന്ന ഗായകസംഘാംഗങ്ങള്‍ ആലപിച്ചു. ഓരോ ഗാനത്തിന്റേയും ചരിത്രപശ്ചാത്തലം ഫിലിപ്പ് ആന്‍ഡ്രൂസ് വിശദീകരിച്ചു. സുവിശേഷകന്‍ ജോര്‍ജ് കുര്യന്‍ മുഖ്യസന്ദേശം നല്‍കി.
അഗപ്പ ബ്രദറല്‍ അസംബ്ലി, നോര്‍ത്ത് ഡാളസ് ബിലീവേഴ്‌സ് ചാപ്പല്‍, മസ്‌ക്കിറ്റ് ബ്രദറണ്‍ അസംബ്ലി, ബെത്സെയ്ദാ ബൈബിള്‍ ചാപ്പല്‍, ഇമ്മാനുവേല്‍ ബൈബിള്‍ ചാപ്പല്‍, എഡ്മണ്ട്‌സലൈയ്ന്‍ ബൈബിള്‍ ചാപ്പല്‍, തുടങ്ങിയ ഗായകസംഘവും, ജെന്നയുടെ സോളോയും കേള്‍വിക്കാരില്‍ ദൈവസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കി. സുബിന്‍ അബ്രഹാം നന്ദി പറഞ്ഞതിനുശേഷം എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എന്ന ഗാനം എല്ലാവരും ചേര്‍ന്ന് പാടിയാണ് പരിപാടി സമാപിച്ചത്