പി വി അൻവറിന്റെ “ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി,
നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്ന് പി വി അൻവർ പറഞ്ഞു.
മലപ്പുറം | പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം .തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്ന് പി വി അൻവർ പറഞ്ഞു.
പത്രിക സമർപ്പണത്തിന് ശേഷം മുൻ ഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ വീട് അൻവർ സന്ദർശിക്കും. കഴിഞ്ഞ തവണ വി.വി. പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് കാലുവാരി എന്ന വിവാദം നിലനിൽക്കെയാണ് അൻവറിൻ്റെ സന്ദർശനം. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലോ സ്വതന്ത്ര ചിഹനത്തിലോ ആകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നും അൻവർ അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുക കേരളത്തിലെ മലയോര മേഖലയെ പ്രതിനീധികരിച്ചെത്തുന്ന ഒരു കർഷകനും ഒരു വഴിയോരക്കച്ചവടക്കാരനും, ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രതിനിധികരിച്ച് ഒരു ഓട്ടോറിക്ഷ തൊഴിലാളിയുമാകുമെന്നും അൻവർ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പി.വി. അൻവർ വീണ്ടും ആഞ്ഞടിച്ചു. ആരെയും ബഹുമാനിക്കാത്ത രീതിയാണ് വി.ഡി. സതീശൻ്റേതെന്നും അൻവർ ആരോപിച്ചു. ഒരു ഹിറ്റ്ലറിൻ്റെ രീതിയിലേക്ക് സതീശൻ മാറി. കെ. കരുണാകരൻ്റെ കൂടെ മന്ത്രിയായിട്ടുള്ള കുഞ്ഞാലിക്കുട്ടിക്ക് പോലും സതീശൻ പുല്ലുവില നൽകുന്നില്ല. വി.ഡി. സതീശൻ്റെ നിലപാടുകൾ 2026ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൽകാൻ പോകുന്നത് വലിയ തിരിച്ചടിയാണ്. സതീശൻ്റെ ശരീരത്തിലും മനസിലുമൊക്കെ അഹങ്കാരമാണ്. വി.എസ്. ജോയിയെ സ്ഥാനാഥിയാക്കാഞ്ഞത് അദ്ദേഹത്തിൻ്റെ ഗ്രൂപ്പിൽ അല്ലാത്തതുകൊണ്ടാണ്. ഭൂരിപക്ഷം കുറഞ്ഞാലും പരാജയപ്പെട്ടാലും സതീശനെതിരെ കൈപൊക്കുന്ന ആൾ ഉണ്ടാകാൻ പാടില്ലെന്നതാണ് അദ്ദേഹത്തിൻ്റെ നിലപാടെന്നും അൻവർ ആരോപിച്ചു.
“പിണറായിസത്തിനെതിരെ നില്‍ക്കേണ്ട പ്രതിപക്ഷ നേതാവ് പിണറായിയോടൊപ്പം നിന്നു. ഹിറ്റലറിനെ പോലെ വി ഡി സതീശന്‍ യുഡിഎഫിനെ അടക്കി ഭരിക്കുകയാണ്. കെ സി വേണുഗോപാലിന് പോലും ഒന്നും സാധിക്കുന്നില്ല. വി ഡി സതീശന്റെ നിലവിലെ റോള്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കും. അദ്ദേഹത്തിനെതിരെ കൈപൊക്കുന്നയാള്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കരുതെന്ന് ആഗ്രഹിക്കുന്നു. അന്‍വറിനെ ഒപ്പം കൂട്ടിയാല്‍ വി ഡി സതീശന്‍ നിയമസഭ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ പിന്നിലെ എന്തുചെയ്യും’, പി വി അൻവർ ചോദിച്ചു.
പിണറായി വിജയൻ്റെ കുടുംബാധിപത്യത്തിനും മരുമോനിസത്തിനും എതിരായാണ് താൻ പ്രതികരിക്കുന്നതെന്നും അൻവർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്. താൻ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മുഹമ്മദ് റിയാസിനും വി.ഡി. സതീശനും ആര്യാടൻ ഷൗക്കത്തിനുമെതിരായ വിവരങ്ങൾ പുറത്തുവിടുകയെന്നും അൻവർ മുന്നറിയിപ്പ് നൽകി. തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചാൽ നവകേരള സദസിൻ്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെ മുഴുവൻ കോൺട്രാക്ടർമാരിൽ നിന്നും പിരിച്ചതിൻ്റെ വീഡിയോയും ഫോൺകോളുകളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തിന് ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് നാളെ പത്രസമ്മേളനം വിളിച്ച് മറുപടി നൽകുമെന്നും അൻവർ പറഞ്ഞു.