‘പുലി ​ഗോപാലന്’ കര്‍ഷകവീരശ്രീ അവാര്‍ഡ്

ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നല്‍കി

0

ഇടുക്കി: ആക്രമിക്കാനെത്തിയ പുലിയ പ്രാണരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയ ‘പുലി ​ഗോപാലന്’ കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കാന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ്  . ​പുലിയുമായുള്ള മല്‍പ്പിടത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഗോപാലന് എല്ലാ സഹായങ്ങളും നല്‍കാനും തീരുമാനിച്ചു. വനം വകുപ്പും ​ഗോപാലന് ചികിത്സാധനസഹായം നല്‍കി.

കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ പിടിവലിക്കൊടുവില്‍ ചിക്കണംകുടി സ്വദേശിയായ ഗോപാലന്‍ വാക്കത്തിക്കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഗോപാലന്‍ സ്വയരക്ഷയ്ക്കാണ് പുലിയെ വെട്ടിയതെന്ന് മാങ്കുളം റേഞ്ച് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍, ഗോപാലന്റെപേരില്‍ കേസെടുക്കില്ല. ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നല്‍കിയത്. മാങ്കുളം റേഞ്ച് ഓഫീസര്‍ ബി പ്രസാദ് ആശുപത്രിയിലെത്തി തുക കൈമാറി. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായി.

പത്തുവയസ്സ് പ്രായമുള്ള പെണ്‍പുലിയാണ് കൊല്ലപ്പെട്ടത്. ഇതിന് 40 കിലോ തൂക്കമുണ്ട്. പുലികളുടെ ആയുസ്സ് 13 വര്‍ഷമാണ്. പല്ലുകള്‍ കൊഴിഞ്ഞുപോയ പുലി തീറ്റതേടിയാണ് ജനവാസമേഖലയിലേക്കിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. മൃതദേഹ പരിശോധന നടത്തിയതിനു ശേഷം പുലിയുടെ മൃതദേഹം സംസ്കരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറും.

അതിനിടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. കളക്ടറുടെ നിര്‍ദേശപ്രകാരമാണിതെന്ന് മാങ്കുളം ഡി എഫ് ഒ ബി.ജയചന്ദ്രന്‍ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷനേടുന്നതിനുള്ള മാര്‍ഗങ്ങള്‍, മുന്‍കരുതല്‍ എന്നിവയാണ് പഠിപ്പിക്കുക. ആദ്യക്ലാസ് ഓണത്തിനുശേഷം മാങ്കുളം ആറാംമൈലില്‍ നടക്കും.

You might also like

-