പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം.
തിരുവനന്തപുരം:പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹർജി സമർപ്പിച്ചത്.തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. അക്രമങ്ങൾ അടിച്ചമർത്താൻ സൈന്യത്തെയും കേന്ദ്രസേനയെയും നിയോഗിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം, പശ്ചിമബംഗാളിലെ ആക്രമണങ്ങളിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു.
നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങൾ തുടരുന്നു. വിവിധയിടങ്ങളിൽ നടന്ന സംഘർഷങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും അക്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം മമതാ ബാനർജി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യും.വടക്കൻ ബർദമാൻ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി പാർട്ടി ഓഫീസുകൾ തകർത്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊൽക്കത്തയിൽ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നു. നൂറോളം പാർട്ടി ഓഫീസുകൾ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച് തകർത്തതായി ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചു.