പത്തനംതിട്ടയിൽ ലോക്ക്ഡൗണ്‍ 312 കേസുകള്‍, 316 അറസ്റ്റ്
316 പേരെ അറസ്റ്റ് ചെയ്യുകയും 272 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു
പത്തനാനംതിട്ട : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങിയവര്‍ക്കെതിരെയും മറ്റും വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വരെ 312 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 316 പേരെ അറസ്റ്റ് ചെയ്യുകയും 272 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
കോവിഡ്-19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ തുടര്‍ന്ന് വരുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ജില്ലാ അതിര്‍ത്തികള്‍ തുറക്കുകയോ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഒരിടത്തും കൂട്ടംചേരലുകള്‍ അനുവദിക്കുകയോ ചെയ്യില്ല. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഏപ്രില്‍ 17ന് ഉച്ച കഴിയും വരെ ജില്ലയില്‍ വിലക്കുകള്‍ ലംഘിച്ചതിനു 8150 കേസുകളിലായി 8329 ആളുകളെ അറസ്റ്റ് ചെയ്തതായും 6508 വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.