വാഹനങ്ങള്‍ നന്നാക്കി നല്‍കുന്ന പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ടീമിന് അഭിന്ദനവുമായി മന്ത്രി

സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണു മന്ത്രി അഭിന്ദനം അറിയിച്ചത്. വീണാ ജോര്‍ജ് എം.എല്‍.എയും ഇവര്‍ക്ക് അഭിന്ദനവും പിന്തുണയുമായെത്തി

0

പത്തനംതിട്ട :കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണില്‍ തുടരുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സൗത്ത് സോണില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നന്നാക്കി നല്‍കിയ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗത്തിന് അഭിന്ദന സന്ദേശവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണു മന്ത്രി അഭിന്ദനം അറിയിച്ചത്. വീണാ ജോര്‍ജ് എം.എല്‍.എയും ഇവര്‍ക്ക് അഭിന്ദനവും പിന്തുണയുമായെത്തി.
കോവിഡ് 19 വൈറസ് ബാധാ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജില്ലയിലെ ഹെല്‍ത്ത്, കണ്‍സ്യൂമര്‍ ഫെഡ്, പോലീസ് വിഭാഗം വാഹനത്തകരാറുകള്‍ പെരുകുന്നത് ഉദ്യോഗസ്ഥരെ വലച്ചപ്പോള്‍ സഹായവുമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം രംഗത്തെത്തുകയായിരുന്നു. സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.അനില്‍കുമാര്‍ പച്ചക്കൊടി കാട്ടിയതോടെ തകരാറിലായ സര്‍ക്കാര്‍ വാഹനങ്ങളുടെ വര്‍ക്ക്ഷോപ്പായി മാറുകയായിരുന്നു പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഗ്യാരേജ്.
മാര്‍ച്ച് 31 നാണ് ഗ്യാരേജില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ബ്രേയ്ക്ക് ഡൗണ്‍, മെയിന്റനന്‍സ് എന്നുവേണ്ട ഏല്‍പ്പിക്കുന്ന എല്ലാ പണികളും കൃത്യതയോടെ ചെയ്തു നല്‍കുന്നുണ്ട് ഈ ടീം. ജില്ലാ കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനം തകരാറിലായത് നന്നാക്കാനാകുമോ എന്ന കണ്‍സ്യൂമര്‍ഫെഡ് മാനേജരുടെ അന്വേഷണം കെ.എസ്.ആര്‍.ടി.സി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.അനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം നല്‍കിയ പിന്തുണയില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയി ജോക്കബിന്റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായ താനും രണ്ട് മെക്കാനിക്കുകളും ഒരു ഓട്ടോ ഇലക്ട്രീഷനും അടങ്ങിയ ടീം വര്‍ക്ക് ചെയ്യാന്‍ തയാറായി മുന്നിട്ടിറങ്ങുകയായിരുന്നൂ എന്ന് മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ഗിരീഷ് കുമാര്‍ പറയുന്നു. ഈ സമയത്ത് തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി വഴി ഇത്തരം സംവിധാനങ്ങള്‍ ശാശ്വതമായി ഒരുക്കാനായാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുകൊടുത്ത് പണിതെടുക്കുന്നതിനേക്കാള്‍ 50 ശതമാനത്തിലധികം രൂപാ സര്‍ക്കാരിനു ലാഭമാകുമെന്നും ഗിരീഷ് കുമാര്‍ പറയുന്നു.
സ്പെയര്‍പാട്സ് ലഭ്യമല്ലാത്തതാണു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. ഇതിനും ഇവര്‍ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കുമ്പഴ ഭാഗങ്ങളിലുള്ള ചില സ്പെയര്‍പാട്സ് കടയുടമകളെ ഫോണില്‍ വിളിച്ചു അവ കളക്ട് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുന്നത്. ഇന്നലെ(എപ്രില്‍ 3) ഒന്‍പത് വണ്ടികളാണ് ഇവിടെനിന്നും നന്നാക്കി കൊടുത്തത്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ നന്നാക്കുന്ന വണ്ടികളില്‍ അധികവും ആരോഗ്യവകുപ്പിന്റെ വാഹനങ്ങളാണ്. പോലീസ്, കണ്‍സ്യൂമര്‍ഫെഡ് വാഹനങ്ങളും ഇവിടെ നന്നാക്കിനല്‍കുന്നു. നാലു ദിവസംകൊണ്ട് 18 വാഹനങ്ങള്‍ ശരിയാക്കി നല്‍കിക്കഴിഞ്ഞു ഈ സ്പെഷ്യല്‍ ടീം. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ഗിരീഷ് കുമാര്‍, മെക്കാനിക്കുകളായ കെ.ടി മുരളീധരന്‍, എസ്.നൗഷാദ്, ഓട്ടോ ഇലക്ട്രീഷന്‍ സോജി രാജന്‍ എന്നിവരാണ് ഗ്യാരേഡിലെ ഈ സ്പെഷ്യല്‍ മെക്കാനിക്കല്‍ ടീമില്‍ ഉള്ളത്. ദിവസവും ഗ്യാരേജില്‍ എത്തുന്ന ഇവരുടെ സേവനം അവശ്യസര്‍വീസായി പരിഗണിച്ച് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണോട് വീണാ ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍- 8943218861, 9846853724

You might also like

-