കൂടത്തായ് കൊലപാതകം; തെളിവെടുപ്പ് തുടരുന്നു, ജോളിയെയും കൂട്ടുപ്രതികളെയും പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു.
മക്കളുടെ കയ്യിലുണ്ടായിരുന്ന ജോളിയുടെ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറി. വൈക്കത്തെ വീട്ടിലെത്തി അന്വേഷണസംഘം റെഞ്ചിയുടേയും ജോളിയുടെ മകന്‍ റോമോയുടേയും മൊഴി രേഖപ്പെടുത്തി
താമരശ്ശേരി : കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതി ജോളിയെയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും കൊണ്ട് അന്വേഷണ സംഘം പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു. മൂന്ന് പ്രതികളേയും ഒരുമിച്ചെത്തിച്ചാണ് തെളിവെടുക്കുക.അവശേഷിക്കുന്ന സയനൈഡ് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെയാണ് മൂന്ന് പ്രതികളേയും താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
മക്കളുടെ കയ്യിലുണ്ടായിരുന്ന ജോളിയുടെ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറി. വൈക്കത്തെ വീട്ടിലെത്തി അന്വേഷണസംഘം റെഞ്ചിയുടേയും ജോളിയുടെ മകന്‍ റോമോയുടേയും മൊഴി രേഖപ്പെടുത്തി.പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികളും കൂടുതൽ ചോദ്യംചെയ്യലുമാണ് ഇന്ന് നടത്തുക. ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.
ഇതിനിടെ മൂന്നാംപ്രതി പ്രജികുമാർ കൂടുതൽപേർക്ക് സയനൈഡ് കൈമാറിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം സംബന്ധിച്ച് ബ്യൂട്ടിപാർലർ ഉടമ സുലൈഖയിൽ നിന്നും ഭർത്താവ് മജീദിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.