ദേശീയ ജനസംഖ്യാ റജിസ്റ്ററുമായി മുന്നോട്ട്; കണക്കെടുപ്പിന് 8754 കോടി നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാകും വിവര ശേഖരണം. എന്‍പിആറിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംശയാസ്പദമായ പൗരത്വമുള്ളവരുടെ പട്ടിക തയ്യാറാക്കില്ല. റജിസ്റ്ററിന് 3,941 കോടി രൂപയും ജനസംഖ്യ കണക്കെടുപ്പിന് 8754 കോടി രൂപയും വകയിരുത്തി.

0

ഡൽഹി :ദേശീയ പൗരത്വ റജിസ്റ്ററും ദേശീയ ജനസംഖ്യ റജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനസംഖ്യ കണക്കെടുപ്പിനും ജനസംഖ്യ റജിസ്റ്റര്‍ തയ്യാറാക്കുന്നതിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൂന്ന് സേനവിഭാഗങ്ങള്‍ക്കുമായി സംയുക്ത മേധാവിയെ നിയമിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. റയില്‍വേ ബോര്‍ഡ് ഉടച്ചുവാര്‍ക്കാനും തീരുമാനമായി.ദേശീയ പൗരത്വ റജിസ്റ്ററിന് മുന്നോടിയാണ് ജനംസഖ്യ റജിസ്റ്ററെന്ന സംശയം വ്യാപകമായിരുന്നു. കേരളവും ബംഗാളും അതുകൊണ്ടുതന്നെ എന്‍പിആര്‍ നടപടികളില്‍ നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2021ലെ ജനസംഖ്യകണക്കെടുപ്പും ജനസംഖ്യ റജിസ്റ്റര്‍ തയ്യാറാക്കലും ഒന്നിച്ച് നടത്തും. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയതില്‍ നിന്ന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ആണയിടുന്നു. പുതിയതായി ഒരു വിവരവും ചോദിച്ചറിയില്ല. വ്യക്തികള്‍ സ്വന്തം നിലയ്ക്ക് വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും.

ബയോമെട്രിക് വിവരങ്ങളോ, തിരിച്ചറിയല്‍ രേഖകളോ, തെളിവുകളോ നല്‍കേണ്ടതില്ല. ആധാര്‍ വിവരങ്ങള്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയാകും. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാകും വിവര ശേഖരണം. എന്‍പിആറിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി സംശയാസ്പദമായ പൗരത്വമുള്ളവരുടെ പട്ടിക തയ്യാറാക്കില്ല. റജിസ്റ്ററിന് 3,941 കോടി രൂപയും ജനസംഖ്യ കണക്കെടുപ്പിന് 8754 കോടി രൂപയും വകയിരുത്തി.

മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്ന സംയുക്ത മേധാവി അഥവാ സിഡിഎസ് ഫോര്‍ സ്റ്റാര്‍ പദവിയുളള ജനറലായിരിക്കും. ഇത്തവണത്തെ സ്വതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡിഎസ് പ്രഖ്യാപിച്ചത്. റെയില്‍വേ ബോര്‍ഡിന് കീഴിലെ എട്ട് വിഭാഗങ്ങളെ ലയിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്‍റ് സര്‍വീസ് രൂപീകരിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. റെയില്‍വേ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 8ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കും. ബോര്‍ഡ് ചെയര്‍മാന് സിഇഒ പദവിയും നല്‍കും. ഭൂഗര്‍ഭ ജലസംരക്ഷണത്തിന് ആറായിരം കോടി രൂപയുടെ പദ്ധതി അടല്‍ ജലിനും അംഗീകാരം നല്‍കി

You might also like

-