കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി.
നരേന്ദ്രമോദിക്കെതിരെ സഹോദരൻ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തിൽ തുറന്നടിച്ചു.
ദില്ലി: രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്. പ്രചാരണ സമയത്ത് ഉടനീളം റഫാൽ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി സജീവമായി നിന്നു. നരേന്ദ്രമോദിക്കെതിരെ സഹോദരൻ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തിൽ തുറന്നടിച്ചു.
പരാജയം വിലയിരുത്താൻ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് പ്രിയങ്ക സംസാരിച്ചത്. തോൽവിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
രാഹുലിന്റെ രാജി തീരുമാനത്തെയും പ്രിയങ്ക ഗാന്ധി ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തിൽ രാജി തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ അത് ബിജെപിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു