കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി
യു പി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി
ലക്‌നൗ :കർഷകരെ വാഹന ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.ഇതിനിടെ ലംഖിപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയ്ക്ക് യു പി സർക്കാർ അനുമതി നിഷേധിച്ചു . നിരോധനാജ്ഞയെന്നാണ് സർക്കാരിന്റെ വിശദീകരണം. ലഖ്‌നൗവില ഈ മാസം 8 വരെ നിരോധനാജ്ഞ തുടരും.
അതേസമയം എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
യു പി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ലഖിൻപുർ ഖേരിയിലും ,ലക്നൗവിലും നിലനിൽക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദർശനനാനുമതി യുപി സർക്കാർ തള്ളിയത്. രാവിലെ പത്ത് മണിക്ക് ദില്ലിയിൽ മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ രാഹുൽ നിലപാട് പ്രഖ്യാപിക്കും.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ലഖിംപുർ ഖേരിയിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എ ഐ സി സി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.
അതേ സമയം പ്രിയങ്ക ഗാന്ധി സീതാ പുരിലെ പോലീസ് കേന്ദ്രത്തിൽ തുടരുകയാണ്. പ്രിയങ്കയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കർഷകർക്കിടയിലേക്ക് വാഹനം കയറുന്ന ദൃശ്യങ്ങൾ ആയുധമാക്കിയ പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.