പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നാണ് പ്രിയങ്കയുടെ ആരോപണം

0

ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ കോൺഗ്രസിന് നേരിടേണ്ടി വന്ന ദയനീയ പരാജയത്തിലെ നിരാശ വ്യക്തമാക്കി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മാതാവ് സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ സംസാരിക്കവെയാണ് പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് പ്രിയങ്കയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നാണ് പ്രിയങ്കയുടെ ആരോപണം. ‘എന്നോട് ഇവിടെ പ്രസംഗിക്കാൻ ആവശ്യപ്പെട്ടു, ഞാൻ സത്യം മാത്രമെ പറയു.. സത്യം എന്തെന്ന് വച്ചാൽ ഈ തെരഞ്ഞെടുപ്പ് ജയിച്ചത് സോണിയാ ഗാന്ധിയുടെയും റായ്ബറേലിയിലെ ജനങ്ങളുടെയും സഹായം കൊണ്ടു മാത്രമാണ്’ പ്രിയങ്ക പറഞ്ഞു. ‘പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.. തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി പ്രവർത്തിക്കാത്ത ഓരോരുത്തരെയും താൻ കണ്ടെത്തു’മെന്നും പ്രിയങ്ക വ്യക്തമാക്കി.

കിഴക്കൻ ഉത്തർപ്രദേശിന്റെ ചാർജുള്ള ജനറൽ സെക്രട്ടറി ആയി ചുമതലയേറ്റ പ്രിയങ്ക, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വൻ തോതിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ റായ്ബറേലി ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. കാലങ്ങളായി ഗാന്ധി കുടുംബത്തിൽ നിന്നുള്ള പ്രതിനിധികൾ കയ്യടക്കി വച്ചിരുന്ന അമേഠി മണ്ഡലം പോലും കൈവിട്ട് പോയത് പാർട്ടിയെ ഞെട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാർട്ടി അംഗങ്ങള്‍ വേണ്ട രീതിയിൽ പ്രവര്‍ത്തിക്കാത്തതാണ് പരാജയത്തിനിടയാക്കിയതെന്ന ആരോപണവുമായി പ്രിയങ്ക രംഗത്തെത്തിയത്.

നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾക്കെതിരെ ആയിരുന്നു വിമർശനം. സ്വന്തം മക്കൾക്ക് സീറ്റ് തരപ്പെടുത്താനും അവരെ ജയിപ്പിക്കാനും മാത്രമാണ് ചില മുതിര്‍ന്ന നേതാക്കൾ ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ ആരോപണം. തെരഞ്ഞെടുപ്പ് പരാജയത്തിൽ ബിജെപിയെ കുറ്റപ്പെടുത്തിയായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. അധികാരത്തിൽ തിരിച്ചെത്താന്‍ ബിജെപി മാന്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചെന്നായിരുന്നു സോണിയ പ്രതികരിച്ചത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും തെരഞ്ഞെടുപ്പ് പ്രകിയയിലെ സുതാര്യതയെ ചോദ്യം ചെയ്ത് സോണിയ പ്രതികരിച്ചിരുന്നു.

You might also like

-