വയനാടിന്റെ പ്രിയങ്കരി ! പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

"വയനാടിന്‍റെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകി"

 

കല്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്‍റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
“വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ട് ആദ്യമായാണ് തനിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്.17ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നിപ്പോള്‍ 35വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരങ്ങള്‍ക്ക് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി.

“വയനാടിന്‍റെ കുടുംബമായി വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവര്‍ എന്‍റെ സഹോദരനൊപ്പം നിന്നു. നിങ്ങള്‍ അദ്ദേഹത്തിന് ധൈര്യം നൽകി. പോരാടാനുള്ള കരുത്ത് നൽകി” പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.

You might also like

-