പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
ഐ എസ് ആര്‍ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. പിന്നീട് 10ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഇതോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെയും ബുധനാഴ്ച 11 മണി മുതൽ ഉച്ചവരെയുമാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐ എസ് ആര്‍ ഒയിലെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. പിന്നീട് 10ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനിടയിൽ റോഡ് ഷോ നടത്താനും സാധ്യതയുണ്ട്.
27 ന് രാവിലെയാണ് പ്രധാനമന്ത്രി എത്തുന്നത്. കനത്ത സുരക്ഷയായതിനാൽ തന്നെ പുലർച്ചെ 5 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തലസ്ഥാന നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എയർപോർട്ട് – ശംഖുമുഖം – കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിൻസ് – പേട്ട – ആശാൻ സ്ക്വയർ – പാളയം – സ്റ്റാച്യൂ – പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലുമാണ് പ്രധാനമായും ഗതാഗത നിയന്ത്രണമുണ്ടാകുക. ഈ സ്ഥലങ്ങളിൽ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാനും അനുവദിക്കില്ല.28 -ാം തിയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയർപോർട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.