വിലക്കയറ്റം ചർച്ച ചെയ്യണം ,ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു.

വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പ്രതികരിച്ചു. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പറഞ്ഞു

0

ഡൽഹി | ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്.

വിഷയം ചർച്ചക്കെടുക്കാൻ പോലും സഭ തയ്യാറായില്ലെന്ന് ലോക്സഭയിൽ നിന്ന് സസ്പൻഡ് ചെയ്യപ്പെട്ട ആലത്തൂർ എംപി രമ്യ ഹരിദാസ് പ്രതികരിച്ചു. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല എന്നും രമ്യ ഹരിദാസ് പറഞ്ഞു

“ദൈനംദിനമായിട്ട്, അന്നന്ന് കൂലിപ്പണിയെടുത്ത് കുടുംബങ്ങളിലേക്ക് പോയിട്ട് കുടുംബം നോക്കുന്ന ആളുകൾ. അവരുടെ ജീവിത പ്രശ്നങ്ങൾ സഭ ചർച്ച ചെയ്യാൻ തയ്യാറല്ല. അരിയുൾപ്പെടെ പെൻസിൽ വരെ ദൈനം ദിനമായി ഉപയോഗിക്കുന്ന എല്ലാ അവശ്യ വസ്തുക്കൾക്കും വലിയ രീതിയിൽ ജിഎസ്ടി ചുമത്തിയിരിക്കുന്നു. അത് ചർച്ച ചെയ്യാൻ കുറേ ദിവസങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നു. അത് അവർക്ക് താത്പര്യമില്ല. മുദ്രാവാക്യം വിളിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പ്ലക്കാർഡ് പിടിക്കുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എൻ്റെയൊക്കെ പാർലമെൻ്റ് മണ്ഡലത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോയി ആ കൂലി കൊണ്ട് കുടുംബം കൊണ്ടുപോകുന്നവരാണ്. അവരുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. അത് സഭയിൽ ഉന്നയിച്ചതിൻ്റെ പേരിൽ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിച്ചു എന്ന കാരണം കൊണ്ട് ഞങ്ങളെ സസ്പൻഡ് ചെയ്തിരിക്കുകയാണ്. അതൊന്ന് ചർച്ചക്കെടുക്കാൻ പോലും തയ്യാറാവുന്നില്ല. ഞങ്ങളൊന്നും ഞങ്ങളുടെ വീട്ടിലെ കാര്യമല്ല. ജനങ്ങളുടെ കാര്യമാണ് പറയുന്നത്. അവർക്ക് അസഹിഷ്ണുതയാണ്. സാധാരണക്കാരുടെ പ്രശ്നം അവർക്ക് വിഷയമല്ല.”- രമ്യ ഹരിദാസ് പറഞ്ഞു

അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാർലമെന്റിൽ അക്കാര്യം പറയാൻ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങൾ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎൻ പ്രതാപൻ എംപി വ്യക്തമാക്കി

You might also like

-