ഗോള്‍ഫര്‍ ടൈഗര്‍ വുഡ്ഡിനു പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം.
ദീര്‍ഘനാളിലെ ഇടവേളക്കു ശേഷം ഗോള്‍ഫില്‍ തിരിച്ചെത്തി വിജയകിരീടം ചൂടിയത് ചരിത്രസംഭവമാണ്.
ജോര്‍ജിയ: 2019 മാസ്റ്റേഴ്‌സ് ഗോള്‍ഫ് ടൂര്‍ണമെന്റ് വിജയിയായ ടൈഗര്‍ വുഡ്‌സിന് (43) രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രില്‍ 14 ഞായറാഴ്ച അഞ്ചാമത് മാസ്റ്റേഴ്‌സ് വിജയിയായ ടൈഗര്‍ വുഡ്‌സ് 2008 ന് ശേഷം പത്തു വര്‍ഷത്തെ ഇടവേളക്കു വിരാമമിട്ടാണ് ഗോള്‍ഫിലേക്ക് തിരിച്ചെത്തിയത്.
1997 ല്‍ 21ാം വയസ്സില്‍ ഗോള്‍ഫ് ടൂര്‍ണമെന്റിലെ ആദ്യ സുപ്രധാന വിജയത്തിനുശേഷം 15ാം പ്രധാന വിജയമായിരുന്നു ഏപ്രില്‍ 14 ന് ടൈഗര്‍ നേടിയത്. ഇത്രയും ദീര്‍ഘനാളിലെ ഇടവേളക്കു ശേഷം ഗോള്‍ഫില്‍ തിരിച്ചെത്തി വിജയകിരീടം ചൂടിയത് ചരിത്രസംഭവമാണ്.
2009 ല്‍ ഒരു ഡസനിലധികം സ്ത്രീകള്‍ ടൈഗറിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരുന്നു. 2017 ല്‍ സുബോധമില്ലാതെ വാഹനം ഓടിച്ചതിന് വുഡ്‌സ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് അജയ്യനായി ഗോള്‍ഫിലേക്ക് തിരിച്ചുവരവ് നടത്തിയത്.
ഗോള്‍ഫ് ഏറ്റവും ഇഷ്ടപ്പെടുന്ന ട്രംപ് ടൈഗര്‍ വുഡ്‌സിനെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചതില്‍ ഒട്ടും അതിശയോക്തിയില്ല. അമേരിക്കയില്‍ ട്രംപിന്റെ ഉടമസ്ഥതയില്‍ 12 ഗോള്‍ഫ് കോഴ്‌സുകള്‍ നിലവിലുണ്ട്. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഈ ബഹുമതി ലഭിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ടൈഗര്‍.