മൂലമറ്റം പവ്വർ ഹൗസിൽ വൈദ്യുതോൽപ്പാദനം നിലച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി
മൂലമറ്റം വൈദ്യുതി നിലയത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവർത്തനം നിലച്ച് 70 മിനിട്ടിനുള്ളിൽ ജനറേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാനായി.
മൂലമറ്റം :മൂലമറ്റം പവ്വർ ഹൗസിൽ ആറ് ജനറേറ്ററുകളും പ്രവർത്തന രഹിതമായി വൈദ്യുതോൽപ്പാദനം നിലച്ച സംഭവത്തിൽ ഉന്നതതല റിപ്പോർട്ട് തേടിയതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഇതിനായി വൈദ്യുതി ബോർഡ് ചെയർമാനെയും ചീഫ് എഞ്ചിനീയറെയും ചുമതലപ്പെടുത്തി. മൂലമറ്റം വൈദ്യുതി നിലയത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവർത്തനം നിലച്ച് 70 മിനിട്ടിനുള്ളിൽ ജനറേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാനായി. മൂലമറ്റം പവർഹൗസിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. കൂടുതൽ വൈദ്യുത ഉപഭോഗമുള്ള സമയത്താണ് അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. ഈ സമയം സംസ്ഥാനത്ത് ആവശ്യമായി വന്ന വൈദ്യുതി കേന്ദ്ര പൂളിൽ നിന്നും ലഭ്യമാക്കിയതിനാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായില്ല. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈദ്യുതി ബോർഡ് ചെയർമാൻ ഡോ. ബി. അശോക്, കെ.എസ്ഇബി ഡയറക്ടർമാരായ ആർ.സുകു, സിജി ജോസ്, ചീഫ് എൻജിനീയർ രാജൻ ജോസ്, പവർഹൗസ് ജനറേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി കെ. മാത്യു എന്നിവർ സംബന്ധിച്ചു.