സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി
കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി . ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കേരളവും പവര്‍ക്കട്ടിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്‍റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തില്‍ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും പവർകട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്നും കണക്കുകള്‍ വ്യക്തമാക്കുന്നു