പോപ്പുലർ ഫ്രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി,പ്രവർത്തകർക്കെതിരെ യു എ പി എ
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഡൽഹി | പോപ്പുലർ ഫ്രണ്ട് ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് റിമാൻഡ് റിപ്പോർട്ട് . കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ ദില്ലിയിൽ നിന്നുള്ളയാളും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖ് പിയാണ് എന്നയാളുമാണെന്നാണ് വിവരം.പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ.അബൂബക്കർ ഉൾപ്പെടെ എൻഐഎ അറസ്റ്റ് ചെയ്ത 18 പേർക്കെതിരെയും യുഎപിഎ അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി. നാല് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ഇവരെ എൻഐഎ ചോദ്യം ചെയ്ത് വരികയാണ്.
ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.സമൂഹമാദ്ധ്യമങ്ങളിലൂടെ സ്പർധ വളർത്താൻ പോപ്പുലർ ഫ്രണ്ട് ഭീകരർ ശ്രമിച്ചു. അറസ്റ്റിലായ യാസർ ഹസനും മറ്റു ചിലരും തീവ്രവാദ പ്രവർത്തനത്തിന് യുവാക്കളെ സജ്ജരാക്കാൻ ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്നുംഎൻഐഎ ആരോപിച്ചു.എൻഐ സംഘടനയുമായി ബന്ധപ്പെട്ട 19 കേസുകളാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ വിശദ റിപ്പോർട്ട് വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.
2018 മുതൽ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്. ഇഡി കസ്റ്റഡിയിലുള്ള നാല് പേരുടെയും ഭാഗത്തേക്ക് കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. ജൂലൈയിൽ ബീഹാറിലെ പറ്റ്നയിൽ വെച്ച് നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ഡൽഹി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.