ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു.

95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു.

0

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വത്തിക്കാനിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.

മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു പേര്. ജനനം 1927 ഏപ്രിൽ 16ന് ജർമ്മനിയിലെ ബവേറിയയിൽ. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായി.

 

അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്.. 1945 ലായിരുന്നു ഇത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആ‍ർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി .ഇതേ വർഷം തന്നെ കർദ്ദിനാളും.1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ കടുത്ത നിലപാടെടുത്തു.

ജോൺ പോൾ രണ്ടാമനുമായി ഏറെ അടുപ്പം പുലർത്തി, അദ്ദേഹത്തിന്റെ വലംകൈയായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയാകും റാറ്റ്സിംഗറെന്ന് 2005 ജനുവരിയിൽ തന്നെ പ്രവചനങ്ങളുണ്ടായി. ടൈം മാഗസിനടക്കം അതെഴുതി. ജോൺ പോൾ രണ്ടാമന്റെ നിര്യാണത്തെ തുടർന്ന് 2005 ഏപ്രിൽ 19ന് പേപ്പൽ കോൺക്ലേവിന്‍റെ രണ്ടാം ദിനം കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ചു.

തിരുത്തലുകളുടെയും ഏറ്റുപറച്ചിലുകളുടെയും അധ്യായമാണ് ബെനഡിക്ട് പതിനാറാമന്‍റെ കാലം. പാശ്ചാത്യ സഭയെ പിടിച്ചുലച്ച ,വൈദികർ ഉൾപ്പെട്ട ലൈംഗിക വിവാദങ്ങളിൽ പരസ്യമായി പ്രതികരിച്ചു, മാപ്പ് ചോദിച്ചു. അമേരിക്കൻ സന്ദർശനത്തിനിടെ ന്യൂയോർക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓർത്തഡോക്സ്, പ്രൊട്ടസ്റ്റെന്‍റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലർത്തിയ മാർപ്പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ. വിവാദങ്ങളും അദ്ദേഹത്തെ അകന്നു നിന്നില്ല. ക്രിസ്തുവുമായുള്ള സൗഹൃദമെന്നതായിരുന്നു ബനഡിക്ട് പതിനാറാമന്‍റെ പ്രബോധനങ്ങളുടെ കാതൽ. ക്രിസ്തീയതയ്ക്ക് ഒരാമുഖം എന്ന പ്രഭാഷണ സമാഹാരം ദൈവശാസ്ത്ര പഠന ഗ്രന്ഥങ്ങളിലെ ഏറ്റവും മൂല്യവത്തായ ഒന്നാണ്. സഭയുടെ യാഥാസ്ഥിതിക നിലപാടുകളിൽ നിന്ന് അധികദൂരത്തിലേക്ക് നീങ്ങാതെ തന്നെ പരിഷ്കരണത്തിനുവേണ്ടിയും നിലകൊണ്ട മാർപ്പാപ്പയാണ് വിട വാങ്ങുന്നത്.

You might also like

-