കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി ,ജോലിഭാരം മൂലമെന്ന് ആരോപണം
ജോലി സമ്മർദ്ദം മൂലമാണ് ഇവർ ജീവനൊടുക്കിയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വിഷാദ രോഗത്തിന് ചികിത്സയിലിരിക്കുന്ന ആളാണ് വസന്ത കുമാരി
കൊല്ലം: കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ. കുണ്ടറ പുനക്കൊന്നൂർ സ്വദേശി വസന്ത കുമാരിയാണ് (44) മരിച്ചത്. കൊല്ലത്ത് വനിതാ സെൽ ഉദ്യോഗസ്ഥയായിരുന്ന വസന്ത കുമാരി ഒരാഴ്ച മുമ്പാണ് കൊട്ടിയത്തേക്ക് സ്ഥലം മാറിയെത്തിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവിടെ ഡ്യൂട്ടിക്ക് പ്രവേശിക്കുന്നത് . ഇന്ന് രാവിടെ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന ഇവരെ . രാവിലെ ആറു മണിയോടെ വീടിന് പിന്നിലെ പേരമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജോലി സമ്മർദ്ദം മൂലമാണ് ഇവർ ജീവനൊടുക്കിയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വിഷാദ രോഗത്തിന് ചികിത്സയിലിരിക്കുന്ന ആളാണ് വസന്ത കുമാരി. ഇതറിയാവുന്ന മേലുദ്യോഗസ്ഥർ ഇവരെ നൈറ്റ് ഡ്യൂട്ടിയും പാറാവും കഠിനമല്ലാത്ത വനിതാ സ്റ്റേഷനിലാണ് വിന്യസിച്ചിരുന്നത്. എന്നാൽ കൊട്ടിയത്തേക്ക് മാറ്റിയതോടെ ജോലിഭാരം കൂടുതലായി. ഇതാണ് വസന്ത കുമാരിയെ അസ്വസ്ഥയാക്കിയതെന്നാണ് സൂചന.കുണ്ടറ പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരാർ അടിസ്ഥാനത്തിൽ പാചക ജോലി ഏറ്റെടുത്ത് നടത്തുന്ന സന്തോഷാണ് ഭർത്താവ്. രണ്ട് പെണ്‍മക്കളുണ്ട്.