രണ്ടാം ഘട്ട പോളിങ് തുടങ്ങി ആദ്യമണിക്കൂറിൽ മികച്ച പ്രതികരണം

അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്

0

കൊച്ചി :തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.

അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിനായി തയ്യാറാക്കിയ 12643 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.

സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം ജയിക്കും. യുഡിഎഫിനകത്ത് കലാപമാണ്. ഐക്യമില്ലാത്തവർ എങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കും. അവിശുദ്ധ സഖ്യമുണ്ടാക്കുന്ന യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയുണ്ടാകും. വടക്കാഞ്ചേരി ഫ്ലാറ്റിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണ്. വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. മന്ത്രി എ.സി മൊയ്‍തീനെതിരെ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര എം.എൽ.എ ആവശ്യപ്പെട്ടു. മന്ത്രി 6.55 ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പരാതി.

You might also like

-