ആശാ വർക്കേഴ്സിന്റെ സമരത്തിനെതിരെ നടപടിയുമായി പൊലീസ്. പതിനാല് പേർക്ക് പൊലീസ് നോട്ടീസ് ,48 മണിക്കൂറിനകം ഹാജരാകണമെന്ന് നോട്ടീസ്
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരത്തിനെതിരെ നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത പതിനാല് പേർക്ക് പൊലീസ് നോട്ടീസ് അയച്ചു. ആശ വർക്കർമാർക്ക് പുറമേ ഉദ്ഘാടകൻ ജോസഫ് സി മാത്യു, കെ ജി താര, എം ഷാജർഖാൻ, ആര്‍ ബിജു, എം എ ബിന്ദു, കെ പി റോസമ്മ, ശരണ്യ രാജ്, എസ് ബുർഹാൻ, എസ് മിനി, ഷൈല കെ ജോൺ എന്നിവര്‍ക്കാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടോൺമെന്റ് പൊലീസാണ് നോട്ടീസ് അയച്ചത്
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകൽസമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാൻ സമ്മർദ്ദ തന്ത്രവുമായി സർക്കാർ ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാനാണ് നിർദ്ദേശം. ഒപ്പം പണിമുടക്ക് തുടർന്നാൽ പകരം സംവിധാനമൊരുക്കാനും നിർദ്ദേശമുണ്ട്. എന്നാൽ സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
അതേസമയം എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം എൻ എച്ച് എം ഉത്തരവ് ഇറക്കിയിരുന്നു. തിരികെ പ്രവേശിച്ചില്ലെങ്കിൽ ഒഴിവുള്ള സ്ഥലങ്ങളിൽ പകരം ക്രമീകരണം ഒരുക്കണമെന്നാണ് നിർദേശം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷ്ണൽ ഹെൽത്ത് മിഷൻ നിർദ്ദേശത്തിൽ പറയുന്നു.ആശാവർക്കർമാർക്ക് മൂന്നുമാസ കുടിശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാർ പറയുന്നു. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്സ് അറിയിച്ചിരുന്നു.