മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും എസ്പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽ പെട്ടതിനാണ് പോലീസുകാരെ സസ്പെന്‍റ് ചെയ്തത്.
കൊല്ലം: മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിന് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും എസ്പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽ പെട്ടതിനാണ് പോലീസുകാരെ സസ്പെന്‍റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കൊല്ലം മയ്യത്തുംകരയിലാണ് സംഭവം.
പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്.
ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്‌പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.