ആബുലൻസ് ദുരുപയോഗം ,സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു.
ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്.
തൃശ്ശൂര്‍ | തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലൻസിലെത്തിയത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്. 15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.