പി.ചിദംബരത്തെ മതില് ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
മുന്‍ ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന് ഉള്‍പ്പെടെ കേരള പോലീസിലെ പത്ത് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവ നത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഐഎന്‍എക്സ് മീഡിയ കേസില്‍ മതില് ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. ഡിവൈഎസ്പി രാമസ്വാമി പാര്‍ഥസാരഥിയാണ് ബഹുമതിക്ക് അര്‍ഹനായത്. വിശിഷ്ട സേവന ത്തിനുള്ള മെഡലാണ് രാമസ്വാമിക്ക് ലഭിച്ചിരിക്കുന്നത്.രാത്രിയില്‍ ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ 28 സിബിഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാമസ്വാമി. വീടിന്റെ ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ സിബിഐ സംഘവും പോലീസും മതില് ചാടിക്കടന്നാണ് ഉള്ളില്‍ പ്രവേശിച്ചത്.
ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തേയും അറസ്റ്റ് ചെയ്തത് രാമസ്വാമിയാണ്. ശാന്തമായ പെരുമാറ്റത്തിന് കര്‍ശനമായ നടപടികള്‍ക്കും പേരുകേട്ട ഉദ്യോഗസ്ഥനാണ് രാമസ്വാമിയെന്ന് അധികൃതര്‍ പറയുന്നു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 286 പേരും വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് 93 പേരും അര്‍ഹരായി. ജമ്മു കാഷ്മീര്‍ പോലീസിനാണ് ഏറ്റവും കൂടുതല്‍ ധീരതാ മെഡല്‍ ലഭിച്ചത്- 108 പേര്‍ക്ക്. സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് 657 പേരാണ് അര്‍ഹരായത്. മുന്‍ ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന് ഉള്‍പ്പെടെ കേരള പോലീസിലെ പത്ത് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവ നത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു.